കാൽഗറി : നഗരത്തിലുടനീളം നടന്ന മയക്കുമരുന്ന് കള്ളക്കടത്ത് അന്വേഷണത്തിൽ 29 പേരെ അറസ്റ്റ് ചെയ്തതായി കാൽഗറി പൊലീസ്. ഇവർക്കെതിരെ മയക്കുമരുന്ന് കടത്ത്, കൈവശം വയ്ക്കൽ എന്നിവയുൾപ്പെടെ 160 കുറ്റങ്ങൾ ചുമത്തി. അടുത്തിടെ കാൽഗറിയിലെ നിരവധി സിട്രെയിൻ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും മയക്കുമരുന്ന് കള്ളക്കടത്ത് വർധിച്ചതായി പൊലീസ് പറയുന്നു. തുടർന്ന് ബൈലോ ഓഫീസർമാരുമായും കാൽഗറി ട്രാൻസിറ്റ് പീസ് ഓഫീസർമാരുമായും സഹകരിച്ച് കാൽഗറി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

ഏപ്രിൽ 22-നും മെയ് 2-നും ഇടയിൽ നടന്ന അന്വേഷണത്തിൽ പ്രതികളിൽ നിന്നും ഏഴ് കത്തികളും ഒരു ഇമിറ്റേഷൻ റിവോൾവറും ഉൾപ്പെടെ നിരവധി ആയുധങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ മുമ്പും പ്രതികൾ ഭൂരിഭാഗവും ഉൾപ്പെട്ടിരുന്നതായി അധികൃതർ അറിയിച്ചു. കൂടാതെ, അറസ്റ്റിലായവരിൽ 79 ശതമാനം പേർക്കും മുമ്പ് ക്രിമിനൽ പശ്ചാത്തലമുണ്ട്.