ഓട്ടവ : പോസ്റ്റൽ ജീവനക്കാർക്ക് 13.59% സംയുക്ത വേതന വർധന ഓഫർ ചെയ്തതായി കാനഡ പോസ്റ്റ് വക്താവ് ലിസ ലിയു. ഒന്നാം വർഷത്തിൽ ആറ് ശതമാനവും രണ്ടാം വർഷത്തിൽ മൂന്ന് ശതമാനവും മൂന്ന്, നാല് വർഷങ്ങളിൽ രണ്ട് ശതമാനവും വേതന വർധനയാണ് ക്രൗൺ കോർപ്പറേഷൻ മുന്നോട്ടു വെച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. കൂടാതെ ആരോഗ്യ, പെൻഷൻ ആനുകൂല്യങ്ങൾ നൽകുമെന്നും പാർട്ട് ടൈം തൊഴിലാളികൾക്ക് ഗ്യാരണ്ടീഡ് സമയം ഷെഡ്യൂൾ ചെയ്യുമെന്നും പുതിയ ഓഫറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച തപാൽ ജീവനക്കാർ വീണ്ടും സമരത്തിന് ഇറങ്ങുമെന്ന് അറിയിച്ച് യൂണിയൻ പണിമുടക്ക് നോട്ടീസ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ഓഫറുകൾ കാനഡ പോസ്റ്റ് അവതരിപ്പിച്ചത്.

എന്നാൽ, പുതിയ ഓഫറുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കാനും അവലോകനം ചെയ്യാനും സമയമെടുക്കുമെന്നും സിയുപിഡബ്ല്യു പ്രസിഡൻ്റ് ജാൻ സിംപ്‌സൺ പറയുന്നു. കൂടാതെ കാനഡ പോസ്റ്റ് പലതവണ ചർച്ചകളിൽ നിന്നും പിന്മാറിയിരുന്നതായും അദ്ദേഹം ആരോപിച്ചു. അതേസമയം പുതിയ ഓഫർ പരിശോധിച്ച് തീരുമാനമെടുക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് തപാൽ വർക്കേഴ്‌സിന്‍റെ അഭ്യർത്ഥന നിരസിച്ചതായും വക്താവ് ലിസ ലിയു അറിയിച്ചു. രണ്ടു വർഷത്തോളം നീണ്ട ചർച്ചകൾക്കും നീണ്ട പണിമുടക്കിനും ഫെഡറൽ ഇൻഡസ്ട്രിയൽ എൻക്വയറി കമ്മീഷന്‍റെ അഞ്ച് മാസത്തെ ഇടവേളയ്ക്കും ശേഷമാണ് പുതിയ ഓഫർ അവതരിപ്പിച്ചത്. എന്നാൽ, ഇനിയും കാലതാമസം അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, കാനഡ പോസ്റ്റ് ഒരു മധ്യസ്ഥന്‍റെ സഹായത്തോടെ സംസാരിക്കാൻ തയ്യാറാണെന്നും ലിസ ലിയു പറയുന്നു.