മൺട്രിയോൾ: വ്യാഴാഴ്ച പുലർച്ചെ സാൻ ഡീഗോയിൽ ചെറുവിമാനം തകർന്നുവീണ് നിരവധി പേർ മരിച്ചു. പതിനഞ്ചോളം വീടുകളും വാഹനങ്ങളും കത്തിനശിച്ചതായും അപകടത്തെ തുടർന്ന് നിരവധി ബ്ലോക്കുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു.

സ്വകാര്യ വിമാനമായ സെസ്ന 550 മോണ്ട്ഗോമറി-ഗിബ്സ് എക്സിക്യൂട്ടീവ് വിമാനത്താവളത്തിന് സമീപം പുലർച്ചെ 3:45 ഓടെയാണ് തകർന്നുവീണതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ( എഫ്എഎ) അറിയിച്ചു. വിമാനം തകർന്നുവീണ സമയത്ത് മൂടൽമഞ്ഞായിരുന്നുവെന്ന് അസിസ്റ്റന്റ് ഫയർ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡാൻ എഡ്ഡി പറഞ്ഞു. ആറ് മുതൽ എട്ട് ആളുകളെ വരെ വഹിക്കാൻ വിമാനത്തിന് കഴിയുമെന്നും എന്നാൽ അപകട സമയത്ത് എത്ര പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്നും എഫ്എഎ പറഞ്ഞു. ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണത്തിന് നേതൃത്വം നൽകും.