ഓട്ടവ : റെക്കോർഡ് വരുമാനം നേടി കാനഡയിലെ രണ്ടാമത്തെ വലിയ ബാങ്കായ ടിഡി ബാങ്ക്. 2025-ലെ ആദ്യ മൂന്നു മാസത്തിൽ ബാങ്കിന്‍റെ അറ്റാദായത്തിൽ 16% വർധനയും 213 കോടി ഡോളറിന്‍റെ റെക്കോർഡ് വരുമാനവും റിപ്പോർട്ട് ചെയ്തു. ഒരു വർഷം മുമ്പത്തേതിനേക്കാൾ 10% വർധനയാണിതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ ത്രൈമാസ വരുമാന റിപ്പോർട്ടിൽ പറയുന്നു. യുഎസ് ധനകാര്യ സേവന സ്ഥാപനമായ ചാൾസ് ഷ്വാബ് SCHW.N-ൽ ശേഷിക്കുന്ന ഇക്വിറ്റി നിക്ഷേപത്തിന്‍റെ വിൽപ്പന ഉൾപ്പെടെ, വ്യാപാരവുമായി ബന്ധപ്പെട്ട വരുമാനത്തിലും അണ്ടർറൈറ്റിങ് ഫീസുകളിലും ഉണ്ടായ വർധനയാണ് നേട്ടത്തിന് കാരണമെന്ന് ടിഡി ബാങ്ക് എക്സിക്യൂട്ടീവായ റെയ്മണ്ട് ചുൻ അറിയിച്ചു.

എന്നാൽ, കാനഡ-യുഎസ് വ്യാപാരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഭാവിയിൽ വായ്പകൾ നൽകുന്നതിനായി 134 കോടി ഡോളർ നീക്കിവെച്ചതായും ബാങ്ക് പറയുന്നു. ഇത് ഒരു വർഷം മുമ്പ് 107 കോടി ഡോളറായിരുന്നു. കൂടാതെ ഏകദേശം 2% അല്ലെങ്കിൽ ഏകദേശം 2,000 ജീവനക്കാരെ പിരിച്ചുവിടുക, ബിസിനസ്സ് അടച്ചുപൂട്ടലുകൾ, എക്സിറ്റുകൾ എന്നിവ ഉൾപ്പെടെ പ്രതിവർഷം ആറ് കോടി അമ്പത് ലക്ഷം ഡോളർ വരെ ലാഭിക്കുന്നതിനുള്ള ഒരു പുനർനിർമ്മാണ പരിപാടിയും ബാങ്ക് പ്രഖ്യാപിച്ചു.