ഓട്ടവ : നിലവിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ബൈൻഡിങ് ആർബിട്രേഷനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് 55,000 കാനഡ പോസ്റ്റ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ. ആർബിട്രേഷനിലേക്ക് അയയ്ക്കേണ്ട പ്രശ്നങ്ങൾ, ആർബിട്രേറ്റർ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ, അന്തിമ തീരുമാനത്തിനുള്ള സമയപരിധി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നതായി കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) പറയുന്നു. കാനഡ പോസ്റ്റും CUPW-യും ഏകദേശം 18 മാസമായി ഒരു കരാറിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

തപാൽ ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പുതിയ കൂട്ടായ കരാറുകളിൽ എത്തിച്ചേരുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് CUPW ദേശീയ പ്രസിഡൻ്റ് ജാൻ സിംപ്സൺ പ്രസ്താവനയിൽ പറഞ്ഞു. കരാർ ചർച്ച വീണ്ടും ആരംഭിച്ചെങ്കിലും ദേശീയ ഓവർടൈം നിരോധനം പ്രാബല്യത്തിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ബുധനാഴ്ച, ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡു കാനഡ പോസ്റ്റിനോടും യൂണിയനോടും കരാർ ചർച്ച പുനഃരാരംഭിക്കാനും ബൈൻഡിങ് ആർബിട്രേഷനുള്ള നിബന്ധനകൾ നിബന്ധനകൾ മുന്നോട്ടുവെയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.
അതേസമയം യൂണിയനെ ഒഴിവാക്കി കാനഡ പോസ്റ്റ്, ജീവനക്കാരുമായി നേരിട്ട് കരാർ ചർച്ച നടത്തുന്നതായി CUPW ആരോപിച്ചിരുന്നു. കൂടാതെ യൂണിയന്റെ കരാർ ചർച്ച അവകാശങ്ങളിൽ കാനഡ പോസ്റ്റ് ഇടപെടുന്നതായും യൂണിയനെ തകർക്കാൻ ശ്രമിക്കുന്നതായും CUPW പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. യൂണിയന് പ്രസക്തമായ രേഖകളൊന്നും നൽകാതെ പോസ്റ്റൽ ജീവനക്കാർക്ക് വിവരം നൽകുന്നതായും CUPW അറിയിച്ചു. യൂണിയനെ മറികടക്കാൻ കാനഡ പോസ്റ്റ് ക്യാപ്റ്റീവ് ഓഡിയൻസ് മീറ്റിങ്ങുകൾ, വിഡിയോകൾ, പത്രക്കുറിപ്പുകൾ എന്നിവയെല്ലാം ഉപയോഗിക്കുന്നതായും CUPW പറയുന്നു.

എന്നാൽ, എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി കാനഡ പോസ്റ്റ് വക്താവ് ലിസ ലിയു പറഞ്ഞു. പോസ്റ്റൽ സർവീസ് ഒരിക്കലും ജീവനക്കാരുമായി നേരിട്ട് ചർച്ച നടത്തിയിട്ടില്ലെന്നും ശരിയായ മാർഗങ്ങളിലൂടെ കൂട്ടായ കരാറിലെത്താനാണ് ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി.
