ടൊറൻ്റോ : കാനഡയിലുടനീളം പടരുന്ന കാട്ടുതീ മൂലമുള്ള പുക കാരണം ടൊറൻ്റോയിലും തെക്കൻ ഒൻ്റാരിയോയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായതായി എൻവയൺമെൻ്റ് കാനഡ. ഇന്ന് വൈകുന്നേരം വരെ നഗരത്തിൽ പുക മൂടുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക യുഎസിന്‍റെയും യൂറോപ്പിന്‍റെയും ചില ഭാഗങ്ങളിലും എത്തിയിട്ടുണ്ട്.

കാട്ടുതീ പുക വായുഗുണനിലവാരം മോശമാക്കുകയും ദൃശ്യപരത കുറയ്ക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പുകയുടെ അളവ് വർധിക്കുന്നതിന് അനുസരിച്ച് ആരോഗ്യ അപകടസാധ്യതയും വർധിക്കുന്നു. വീടിനു വെളിയിലുള്ള സമയം കുറയ്ക്കുക, ഔട്ട്ഡോർ സ്പോർട്സ്, മറ്റു പരിപാടികൾ എന്നിവ കുറയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യണമെന്ന് ഏജൻസി നിർദ്ദേശിച്ചു. കണികകൾ, ജലബാഷ്പം എന്നിവയുടെ മിശ്രിതമാണ് കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന വാതകങ്ങൾ. അതിൽ സൂക്ഷ്മ കണികകൾ അടങ്ങിയിരിക്കുന്നതായി ഹെൽത്ത് കാനഡ പറയുന്നു. ഈ കണികകൾ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകും, ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി.

കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണങ്ങൾ പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ, എല്ലാവരുടെയും ആരോഗ്യസ്ഥിതി അപകടത്തിലാക്കും. വയോധികർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് വായുഗുണനിലവാരം കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. തലവേദന, കണ്ണ് അല്ലെങ്കിൽ തൊണ്ടയിൽ അസ്വസ്ഥത, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവിക്കുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.
