ഓട്ടവ : ഗാസയിലെ യുദ്ധത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ രണ്ട് ഇസ്രയേൽ മന്ത്രിമാർക്കെതിരെ ഉപരോധം ഏർപ്പെടുത്തി കാനഡ. കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ, ന്യൂസിലൻഡ്, നോർവേ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ചൊവ്വാഴ്ച സംയുക്ത പ്രസ്താവനയിൽ ഉപരോധം പ്രഖ്യാപിച്ചു. ഇസ്രയേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്ച് എന്നിവർക്കെതിരെയാണ് ഉപരോധം.

ഇറ്റാമർ ബെൻ-ഗ്വിറും ബെസലേൽ സ്മോട്രിച്ചും തീവ്രവാദ അക്രമത്തിനും പലസ്തീൻ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ദുരുപയോഗത്തിനും പ്രേരിപ്പിച്ചു, ഗ്ലോബൽ അഫയേഴ്സ് കാനഡ പറയുന്നു. ഇരുവർക്കും കാനഡ യാത്രാ വിലക്ക് ഏർപ്പെടുത്തുകയും അവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്യുമെന്നും ഏജൻസി വ്യക്തമാക്കി. ബെൻ-ഗ്വിറും സ്മോട്രിച്ചും ഗാസ സ്ഥിരമായി കീഴടക്കാനും അവിടെ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാനും ആഹ്വാനം ചെയ്യുകയും ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനെതിരെ പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്.