ഓട്ടവ : ഏറ്റവും വലിയ രണ്ടാമത്തെ കാട്ടുതീ സീസണാണ് കാനഡ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പബ്ലിക് സേഫ്റ്റി കാനഡ. ഈ വർഷം ഇതുവരെ ഏകദേശം 37 ലക്ഷം ഹെക്ടർ ഭൂപ്രദേശം കാട്ടുതീയ്ക്ക് ഇരയായിട്ടുണ്ട്. ഇത് പ്രിൻസ് എഡ്വേഡ് ഐലൻഡിന്‍റെ ആറിരട്ടിയോളം വലുപ്പം വരും. കാട്ടുതീ സീസണുകളുടെ 10 വർഷത്തെ ശരാശരി ഏകദേശം 800,000 ഹെക്ടറാണ്.

ഓഗസ്റ്റ് വരെ രാജ്യത്തുടനീളം സാധാരണയേക്കാൾ ഉയർന്ന താപനില പ്രതീക്ഷിക്കുന്നതിനാൽ ജൂലൈയിൽ ഏറ്റവും വലിയ തീപിടുത്തം തെക്കൻ ബ്രിട്ടിഷ് കൊളംബിയയിലായിരിക്കുമെന്ന് പബ്ലിക് സേഫ്റ്റി കാനഡ മുന്നറിയിപ്പ് നൽകി. അതേസമയം നോർത്ത് വെസ്റ്റ് ടെറിറ്ററീസ്, യൂകോൺ എന്നിവിടങ്ങളിലും കാട്ടുതീ അപകടസാധ്യത വർധിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ മധ്യ, പടിഞ്ഞാറൻ പ്രവിശ്യകളിലും ടെറിട്ടറികളിലും കാട്ടുതീ സാധ്യത വർധിച്ചതായി കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.
