ഓട്ടവ : മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഖത്തറിലെ കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് കാനഡ. ഖത്തറിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് നിർദ്ദേശം. ഖത്തറിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതോടെ യുഎസ് എംബസി തങ്ങളുടെ പൗരന്മാർക്ക് ഷെൽട്ടർ-ഇൻ-പ്ലേസ് ശുപാർശ ചെയ്തിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സുരക്ഷാ സ്ഥിതി വഷളായേക്കാം, ഗ്ലോബൽ അഫയേഴ്‌സ് കാനഡയുടെ അറിയിപ്പിൽ പറയുന്നു. ഖത്തറിലുള്ള കനേഡിയൻ പൗരന്മാർ സുരക്ഷിതമായ സ്ഥലത്ത് അഭയം തേടണമെന്നും ഏജൻസി നിർദ്ദേശിച്ചു.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമായ ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന അൽ-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇന്ന് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടത്. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥയ്ക്ക് ശേഷമാണ് ആക്രമണം. മുൻകരുതൽ നടപടിയായി ജൂൺ 19-ന് അൽ-ഉദൈദിൽ നിന്ന് എല്ലാ അമേരിക്കൻ വിമാനങ്ങളും പിൻവലിച്ചിരുന്നു. ഇറാനിയൻ പ്രതികാര ഭീഷണികൾക്കിടയിൽ മുൻകരുതലായി ഖത്തർ തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.