ടൊറൻ്റോ : പ്രവിശ്യയിൽ പുതിയ അഞ്ചാംപനി കേസുകൾ കുറയുന്നതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച 33 പുതിയ കേസുകളും അതിനു മുമ്പുള്ള ആഴ്ച 96 കേസുകളും റിപ്പോർട്ട് ചെയ്തപ്പോൾ ഈ ആഴ്ച ഇതുവരെ 12 പുതിയ അഞ്ചാംപനി കേസുകളെ റിപ്പോർട്ട് ചെയ്തിട്ടുള്ളുവെന്ന് ആരോഗ്യ ഏജൻസി അറിയിച്ചു. ഏതാനും ആഴ്ചകളായി രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധന കാണുന്ന സൂ സെ മാരിയും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന വടക്കൻ മേഖലയിൽ രണ്ട് പേർക്ക് കൂടി പകർച്ചവ്യാധി ബാധിച്ചു. കൂടാതെ മാസങ്ങളായി അഞ്ചാംപനി ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശമായ തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ നാല് പേർക്ക് കൂടി രോഗം ബാധിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ ന്യൂബ്രൺസ്വിക്കിൽ നിന്നുള്ള യാത്രയുമായി ബന്ധപ്പെട്ട് പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ഒൻ്റാരിയോയിൽ ഇതുവരെ ആകെ 2,223 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ 64 പുതിയ കേസുകൾ ഉൾപ്പെടെ, രാജ്യത്ത് ഏറ്റവും കൂടുതൽ അഞ്ചാംപനി ബാധിതരുള്ള രണ്ടാമത്തെ പ്രവിശ്യയായ ആൽബർട്ടയിൽ ബുധനാഴ്ച വരെ 1,169 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.