ടൊറൻ്റോ : ജൂലൈയിൽ ടൊറൻ്റോയിൽ ചൂടും ഈർപ്പവും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. ജൂൺ 23-ന് നഗരത്തിൽ 1983-ന് ശേഷമുള്ള 36 ഡിഗ്രി സെൽഷ്യസ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച താപനില 20 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരും. എന്നാൽ, ഈർപ്പം കുറവായതിനാൽ, കാലാവസ്ഥ സുഖകരമായിരിക്കും. ശനിയാഴ്ച ചൂട് വീണ്ടും കൂടും. താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും ഈർപ്പത്തിനൊപ്പം 40 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ഉച്ചകഴിഞ്ഞ് മഴ പെയ്യാനും ഇടിമിന്നലുണ്ടാകാനും ചെറിയ സാധ്യതയുണ്ട്. രാത്രിയിൽ താപനില 22 ഡിഗ്രി സെൽഷ്യസായിരിക്കും.

താപനില 32 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുന്ന ഞായറാഴ്ചയായിരിക്കും വാരാന്ത്യത്തിലെ ഏറ്റവും ചൂടേറിയ ദിവസം. ഈർപ്പത്തിനൊപ്പം ചൂട് 40 ഡിഗ്രി സെൽഷ്യസായിരിക്കും. താപനിലയിലും ഈർപ്പത്തിലും ഉണ്ടാകുന്ന ഈ വർധന ഒറ്റപ്പെട്ട ഇടിമിന്നലുകൾക്ക് കാരണമാകും. ഉച്ചകഴിഞ്ഞ് മഴ പെയ്യാൻ 30% സാധ്യതയുണ്ട്. ഞായറാഴ്ച വൈകുന്നേരം ചൂട് കുറയും. അടുത്ത ആഴ്ചയിലേക്ക് നോക്കുമ്പോൾ, തിങ്കളാഴ്ച ചൂട് തുടരും. എന്നാൽ, ആഴ്ചയുടെ ശേഷിക്കുന്ന കാലയളവിൽ താപനില കുറയുമെന്നും എൻവയൺമെൻ്റ് കാനഡ അറിയിച്ചു.