ഓട്ടവ : അടുത്ത രണ്ട് വർഷത്തേക്ക് കർശന ജനസംഖ്യാ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ്. ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, ജോലികൾ തുടങ്ങിയ മേഖലകളിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ കുടിയേറ്റത്തിൽ കർശനമായ പരിധി ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അടുത്ത രണ്ട് വർഷത്തേക്ക് രാജ്യത്തേക്ക് വരുന്നതിനേക്കാൾ കൂടുതൽ ആളുകൾ പോകേണ്ടതുണ്ട്, ഓട്ടവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പിയേർ പൊളിയേവ് പറഞ്ഞു.

ലിബറൽ സർക്കാരിന് കീഴിൽ പ്രതിവർഷം പത്ത് ലക്ഷത്തിലധികം ജനസംഖ്യാ വളർച്ചയുണ്ടായപ്പോൾ രാജ്യത്ത് കഷ്ടിച്ച് 200,000 വീടുകൾ മാത്രമാണ് നിർമ്മിച്ചത്. ഇത് രാജ്യത്തെ ഭവനപ്രതിസന്ധി രൂക്ഷമാക്കിയതായി അദ്ദേഹം കുറ്റപ്പെടുത്തി. ബഹുരാഷ്ട്ര കമ്പനികൾ കുറഞ്ഞ വേതനമുള്ള താൽക്കാലിക വിദേശ തൊഴിലാളികൾക്ക് ജോലി നൽകുന്നതിനാൽ, സ്വദേശി യുവാക്കൾ കടുത്ത തൊഴിലില്ലായ്മയാണ് നേരിടുന്നതെന്നും പിയേർ പൊളിയേവ് പറഞ്ഞു. കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 0.1% കുറഞ്ഞ് 6.9 ശതമാനത്തിലെത്തിയെങ്കിലും, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 14.2 ശതമാനമായി തുടരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.