ന്യൂജഴ്സി : വടക്കേ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് ദി സിറിയക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്കയ്ക്ക് കാനഡയില്‍ പുതിയ ഭദ്രാസനം രൂപീകരിക്കുന്നതിനുള്ള സാധ്യതകളുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ്. ജൂലൈ 16 ബുധനാഴ്ച ആരംഭിക്കുന്ന യൂത്ത്-ഫാമിലി കോണ്‍ഫറന്‍സും ഏഷ്യാനെറ്റുമായി സഹകരിച്ചുള്ള അവാര്‍ഡ് ചടങ്ങും സഭയ്ക്ക് പുതിയൊരനുഭവമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജൂലൈ 16 മുതൽ 19 വരെ വാഷിങ്ടണ്‍ ഡിസിയിലെ ഹില്‍ട്ടണ്‍ വാഷിങ്ടണ്‍ ഡല്ലസ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ വെച്ച് നടത്തുന്ന കോണ്‍ഫറന്‍സിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.

ജൂലൈ 16-ന് കോണ്‍ഫറന്‍സിന്‍റെ ആദ്യദിവസം ബിസിനസ് മീറ്റിങ്ങും തിരഞ്ഞെടുപ്പും നടക്കും. ജൂലൈ 17-ന് ഉദ്ഘാടന സമ്മേളനം. ബ്രിട്ടനില്‍ നിന്നുള്ള സാറാ നൈറ്റ് മുഖ്യപ്രഭാഷണം നടത്തും. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത, പാത്രിയര്‍ക്കീസ് ബാവായുടെ അസിസ്റ്റന്റ് മെത്രാപ്പോലീത്ത എന്നിവര്‍ പങ്കെടുക്കും. ജൂലൈ 17 വ്യാഴാഴ്ച ഈ വര്‍ഷത്തെ അവാര്‍ഡ് നൈറ്റ് നടക്കും. അമേരിക്കയിലും കാനഡയിലും പ്രതിഭ തെളിയിച്ചിട്ടും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകുന്നവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് കമ്മ്യൂണിറ്റി സര്‍വീസ്, ഹെല്‍ത്ത് കെയര്‍, യൂത്ത് തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

ആര്‍ച്ച് ഡയോസിസന്‍ ട്രഷറര്‍ ജോജി കാവനാല്‍, കൗണ്‍സില്‍ മെമ്പര്‍ ജിന്‍സ് മാത്യു, യൂത്ത് ജോയിൻ്റ് സെക്രട്ടറി ഡീക്കന്‍ ജോയല്‍ ജോസഫ് കോണ്‍ഫറന്‍സിന്‍റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ സ്‌പെക്ട്രം ഓട്ടോയുടെ ബിനു ബേബി, പ്രിന്‍സ് ബേബി എന്നിവരും പങ്കെടുത്തു. പ്രസ് ക്ലബ് നാഷണല്‍ പ്രസിഡൻ്റ് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി ഷിജോ പൗലോസ്, നിയുക്ത പ്രസിഡൻ്റ് രാജു പള്ളത്ത്, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡൻ്റ് ഷോളി കുമ്പിളുവേലി, നാഷണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍ സജി എബ്രഹാം, ഏഷ്യാനെറ്റ് എഡിറ്റര്‍ ഡോ. കൃഷ്ണ കിഷോര്‍, ജോര്‍ജ് ജോസഫ്, ജോര്‍ജ് തുമ്പയില്‍, ബിനു ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.