മൺട്രിയോൾ : കാട്ടുതീ കെടുതി അനുഭവിക്കുന്ന സസ്കാച്വാൻ, മാനിറ്റോബ പ്രവിശ്യകളിലേക്ക് 100 വൈൽഡ്‌ലാൻഡ് ഫയർമാൻമാരെ അയയ്ക്കുമെന്ന് കെബെക്ക് സർക്കാർ അറിയിച്ചു. ഇരുപ്രവിശ്യകളിലും വ്യാഴാഴ്ച മുതൽ അഗ്നിശമന സേനാംഗങ്ങൾ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കും. വേനൽക്കാലത്തിന്‍റെ തുടക്കം മുതൽ, കെബെക്ക് സർക്കാർ നിരവധി പ്രവിശ്യകൾക്ക് എയർ ടാങ്കറുകൾ, പൈലറ്റുമാർ, ടെക്നീഷ്യൻമാർ, ഹോസുകൾ എന്നിവ അയച്ചുകൊണ്ട് സഹായം നൽകിയിട്ടുണ്ട്.

60 വൈൽഡ്‌ലാൻഡ് ഫയർമാൻമാർ മാനിറ്റോബയിലേക്കും 40 പേർ സസ്കാച്വാനിലും എത്തും. കൂടാതെ അവരോടൊപ്പം Société de Protection des Forêts Contre le Feu (SOPFEU) യുടെ നാല് പ്രതിനിധികളും ഉണ്ടാകും. വ്യാഴാഴ്ച രാവിലെ കെബെക്ക് സിറ്റിയിലെ ജീൻ ലെസേജ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വാൽ-ഡി’ഓർ റീജനൽ വിമാനത്താവളത്തിൽ നിന്നും സംഘം പുറപ്പെടും.

കെബെക്ക് താരതമ്യേന മിതമായ കാട്ടുതീ സീസണാണ് നേരിടുന്നതെങ്കിലും രാജ്യത്തിന്‍റെ മറ്റിടങ്ങളിൽ നേരെ വിപരീതമാണ് അവസ്ഥ. തിങ്കളാഴ്ച വരെ, മാനിറ്റോബയിൽ 121 സജീവ കാട്ടുതീകൾ കത്തുന്നുണ്ടായിരുന്നുണ്ട്. അതിൽ 12 എണ്ണം നിയന്ത്രണാതീതമായി കണക്കാക്കപ്പെടുന്നു. കാട്ടുതീ കാരണം പ്രവിശ്യയിൽ ഏകദേശം 13,000 ആളുകൾ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായി. അതേസമയം സസ്കാച്വാനിൽ ചൊവ്വാഴ്ച വരെ, 49 കാട്ടുതീകൾ സജീവമായി തുടരുന്നു. അതിൽ 14 എണ്ണം നിയന്ത്രണവിധേയമാക്കിയിട്ടില്ല. നിലവിൽ പതിനൊന്ന് കമ്മ്യൂണിറ്റികൾ ഒഴിപ്പിക്കൽ ഉത്തരവിലാണ്.