ലണ്ടൻ ഒൻ്റാരിയോ : വർഷങ്ങളോളം നീണ്ടുനിന്ന പൊതു ചർച്ചകളും ഊഹാപോഹങ്ങൾക്കും വിരാമം. ഏഴ് വർഷങ്ങൾക്ക് ശേഷം, ലൈംഗികാതിക്രമകേസിൽ ഉൾപ്പെട്ട ലോക ജൂനിയർ ഹോക്കി ടീമിലെ അഞ്ച് മുൻ അംഗങ്ങളെ കുറ്റവിമുക്തരാക്കി ഒൻ്റാരിയോ സുപ്പീരിയർ കോടതി. വിധിന്യായത്തിൽ, പരാതിക്കാരിയുടെ മൊഴി വിശ്വസനീയമാണെന്ന് കരുതുന്നില്ലെന്ന് സുപ്പീരിയർ കോടതി ജസ്റ്റിസ് മരിയ കറോസിയ പറഞ്ഞു.

2018 ജൂൺ 19-ന് ആ വർഷത്തെ ലോക ജൂനിയർ ടീമിലെ അംഗങ്ങൾ ചാമ്പ്യൻഷിപ്പ് വിജയ ആഘോഷത്തിനായി ലണ്ടൻ ഒൻ്റാരിയോയിൽ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ജൂനിയർ ഹോക്കി താരങ്ങളായ മൈക്കൽ മക്ലിയോഡ്, കാർട്ടർ ഹാർട്ട്, അലക്സ് ഫോർമെന്‍റൺ, ഡില്ലൺ ഡ്യൂബ്, കാൾ ഫൂട്ട് എന്നിവരായിരുന്നു കുറ്റാരോപിതർ. ലൈംഗികാതിക്രമ കേസിലെ “സംഘനേതാവ്” എന്ന് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്ന മൈക്കൽ മക്ലിയോഡിനെയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.