ഓട്ടവ : ജഗ്മീത് സിങിന് പകരക്കാരനെ കണ്ടെത്താനുള്ള നേതൃത്വമത്സരത്തിനുള്ള ഔദ്യോഗിക നിയമങ്ങൾ പുറത്തിറക്കി ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി). നേതൃത്വ മത്സരാർത്ഥികൾ വിവിധ പ്രാദേശിക, വംശീയ, എൽജിബിടിക്യു+ ഗ്രൂപ്പുകളിലെ അംഗങ്ങളിൽ നിന്നും പിന്തുണ ഉറപ്പാക്കണമെന്നത് അടക്കം നിരവധി മാനദണ്ഡങ്ങൾ ഉൾപ്പെടുന്നു. കൂടാതെ ഒരു സ്ഥാനാർത്ഥിയ്ക്ക് കുറഞ്ഞത് 10% 25 വയസ്സോ അതിൽ താഴെയോ പ്രായമുള്ള യുവ ന്യൂ ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണയും വേണം. കാനഡയിലെ അഞ്ച് വ്യത്യസ്ത പ്രദേശങ്ങളിൽ നിന്ന് – അറ്റ്ലാൻ്റിക്, കെബെക്ക്, ഒൻ്റാരിയോ, പ്രൈറീസ്, ബ്രിട്ടിഷ് കൊളംബിയ, വടക്കൻ മേഖലകളിൽ നിന്ന് – കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണയും സ്ഥാനാർത്ഥികൾ ഉറപ്പാക്കണം.

മത്സരാർത്ഥികൾ ഒരു ലക്ഷം ഡോളർ പ്രവേശന ഫീസ് നൽകണമെന്ന് പാർട്ടി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ജഗ്മീത് സിങ്ങിന് പകരക്കാരനായി ഒരു പുതിയ സ്ഥിരം നേതാവിനെ റാങ്ക് ചെയ്ത ബാലറ്റ് വോട്ടിലൂടെ തിരഞ്ഞെടുക്കും. ഔദ്യോഗിക പ്രചാരണം സെപ്റ്റംബറിൽ ആരംഭിക്കും. അവസാന വോട്ടെടുപ്പ് മാർച്ചിൽ വിനിപെഗിൽ നടക്കും.