ടൊറൻ്റോ : നഗരത്തിൽ അതിശക്തമായ ചൂടും ഈർപ്പവും തുടരുന്നതിനാൽ, പൊതുജനങ്ങൾ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മുൻകരുതലുകൾ എടുക്കണമെന്ന് എൻവയൺമെൻ്റ് കാനഡ അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച നഗരത്തിലെ താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ, ഈർപ്പത്തിനൊപ്പം ചൂട് 37 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിൽ ആരംഭിച്ച ഉഷ്ണതരംഗം ബുധനാഴ്ച വരെ തുടരുമെന്നും പ്രതീക്ഷിക്കുന്നു. ബുധനാഴ്ച അൽപ്പം തണുത്ത കാലാവസ്ഥയും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

ഇതുവരെയുള്ള വേനൽക്കാലത്തെ ഏറ്റവും തീവ്രമായ ദിവസങ്ങളിലൊന്നായ തിങ്കളാഴ്ച ടൊറൻ്റോയിൽ താപനില 33 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. അതോടൊപ്പം ഈർപ്പവും കൂടിച്ചേർന്ന് 41 ഡിഗ്രി സെൽഷ്യസായി ചൂട് അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച പകൽ സമയത്ത് ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. എന്നാൽ, ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ രാത്രിയിൽ താപനില ഏകദേശം 17 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്നതിനേയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഉഷ്ണതരംഗം (ഹീറ്റ് വേവ്) ആരോഗ്യത്തെയും ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവര്‍ കഴിയുന്നതും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കുക. നിര്‍ജ്ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ഉടൻ ചികിത്സ തേടണം.

ഉഷ്ണതരംഗത്തിൽ നിന്നും രക്ഷനേടാൻ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക :
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
- പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കൂടാതെ കുടയോ തൊപ്പിയോ ഉപയോഗിക്കുക
- ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക
- നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക
- കുട്ടികള്‍ക്ക് ധാരാളം വെള്ളം നല്‍കുക
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
- കുട്ടികളെയോ വളര്‍ത്തു മൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ തനിയെ ഇരുത്തരുത്
സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. കൂടാതെ ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ഉടൻ വൈദ്യസഹായം തേടണമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
