വൻകൂവർ : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെട്രോ വൻകൂവറിലും ഫ്രേസർ വാലിയിലുടനീളമുള്ള വീടുകളുടെ വിൽപ്പന കുറഞ്ഞതായി റിപ്പോർട്ട്. ജൂലൈയിലെ ഭവനവിൽപ്പന രണ്ടു ശതമാനം കുറഞ്ഞതായി ഫ്രേസർ വാലി റിയൽ എസ്റ്റേറ്റ് ബോർഡ് (FVREB) റിപ്പോർട്ട് ചെയ്തു. ജൂലൈയിൽ ഈ മേഖലയിൽ 2,286 വീടുകളാണ് വിറ്റത്. ഇത് 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ (2,656) 13.9% കുറവായിരുന്നു, FVREB അറിയിച്ചു. ഫ്രേസർ വാലിയിൽ, ജൂലൈയിലെ വീടുകളുടെ വിൽപ്പന 10 വർഷത്തെ ശരാശരിയേക്കാൾ 23% കുറവാണെന്നും എഫ്‌വിആർഇബി പറയുന്നു.

കാനഡയിലുടനീളമുള്ള മറ്റ് മേഖലകളെപ്പോലെ ഭവന വിപണിയും നിലവിലുള്ള താരിഫ് ഭീഷണികളുടെ ഫലങ്ങൾ നേരിടുന്നതായി ഫ്രേസർ വാലി റിയൽ എസ്റ്റേറ്റ് ബോർഡ് സിഇഒ ബൽദേവ് ഗിൽ പറഞ്ഞു. വീടുകളുടെ വിൽപ്പനയ്ക്ക് ഒപ്പം വിലയും കുറഞ്ഞതായി ബോർഡ് അറിയിച്ചു. മെട്രോ വൻകൂവറിൽ സിംഗിൾ ബെഡ്‌റൂം വീടുകളുടെ വില 2024 ജൂലൈയെ അപേക്ഷിച്ച് 3.6 ശതമാനവും 2025 ജൂണിനെ അപേക്ഷിച്ച് ഒരു ശതമാനവും കുറഞ്ഞ് 1,974,400 ഡോളറായി.