ഫ്രെഡറിക്ടൺ : വേനൽക്കാല കാട്ടുതീ ന്യൂബ്രൺസ്വിക് ജനതയ്ക്ക് പരിചിതമാണെങ്കിലും ഇത്തവണ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ പ്രവിശ്യയിൽ ഒരു ഡസനിലധികം കാട്ടുതീ പടർന്ന് പിടിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം നിയന്ത്രണാതീതമാണെന്ന് ന്യൂബ്രൺസ്വിക് പ്രകൃതിവിഭവ വകുപ്പ് (DNR) അറിയിച്ചു. ഓൾഡ്ഫീൽഡ് റോഡ് കാട്ടുതീ എന്ന് വിളിക്കപ്പെടുന്ന മിറാമിച്ചി പ്രദേശത്തെ തീപിടുത്തവും, 115 പിറ്റ് കാട്ടുതീ എന്ന് അറിയപ്പെടുന്ന മോങ്ക്ടണിന് വടക്കുള്ള ഐറിഷ്ടൗൺ തീപിടുത്തവുമാണ് നിയന്ത്രണാതീതമായത്.

ഓൾഡ്ഫീൽഡ് റോഡ് കാട്ടുതീ
ബുധനാഴ്ച പൊട്ടിപ്പുറപ്പെട്ട മിറാമിച്ചി പ്രദേശത്തെ കാട്ടുതീ വാരാന്ത്യത്തിൽ 65 ഹെക്ടറായി വളർന്നു. ശനിയാഴ്ച രാവിലെയോടെ ഇത് 160 ഹെക്ടറിലേക്കും ഉച്ചയോടെ 240 ഹെക്ടറിലേക്കും വ്യാപിച്ചു. തിങ്കളാഴ്ച രാവിലെ വരെ ഇത് 340 ഹെക്ടറായതായി അധികൃതർ അറിയിച്ചു. കാട്ടുതീയെ തുടർന്ന് ശനിയാഴ്ച രാത്രി ഒരു വീടും മൂന്ന് കോട്ടേജുകളും ഒഴിപ്പിച്ചിട്ടുണ്ട്. കൂടാതെ 15 വീടുകൾക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, DNR റിപ്പോർട്ട് ചെയ്തു. കാട്ടുതീ കാരണം റൂട്ട് 450 നും മക്ഹാർഡി റോഡിനും ഇടയിലുള്ള ഹൈവേ 8 ഞായറാഴ്ച വരെ അടച്ചിട്ടിരുന്നു.

ഐറിഷ്ടൗൺ കാട്ടുതീ
മോങ്ക്ടൺ മേഖലയിൽ ഞായറാഴ്ച ആരംഭിച്ച കാട്ടുതീ 30 ഹെക്ടർ പ്രദേശത്ത് വ്യാപിച്ചിട്ടുണ്ട്. കാട്ടുതീ നിയന്ത്രിക്കാൻ നാല് എയർ ടാങ്കറുകളും രണ്ട് സ്കിമ്മറുകളും സ്ഥലത്തുണ്ട്. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ തയ്യാറാകാൻ പറഞ്ഞിട്ടുണ്ടെന്നും ഡിഎൻആർ അറിയിച്ചു.
