കാല്‍ഗറി : നഗരത്തിൽ വാരാന്ത്യം വരെ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. പകൽസമയത്തെ താപനില 30 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും. രാത്രിയിലെ ഏറ്റവും താഴ്ന്ന താപനില 12 ഡിഗ്രി സെല്‍ഷ്യസിനും 16 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. അടുത്ത ആഴ്ച ആദ്യം ചൂട് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ സൂര്യാഘാതം അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് പ്രധാന കാരണം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്‍റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക, വളരെ ഉയർന്ന ശരീരതാപം, ശക്തമായ തലവേദന, തലകറക്കം, ക്ഷീണം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ശരീരത്തിലെ ജലം നഷ്ടപ്പെടുക, ചര്‍ദ്ദി, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, സാധാരണയിലധികമായി വിയര്‍ക്കുക തുടങ്ങിയവയാണ് സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍.