ഓട്ടവ : പിസ്ത, പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങൾ എന്നിവയുടെ ചില ബ്രാൻഡുകളുമായി ബന്ധപ്പെട്ട സാൽമൊണെല്ല അണുബാധയെ തുടർന്ന് പതിനൊന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളം ഏകദേശം 80 സാൽമൊണെല്ല കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കെബെക്കിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവിടെ 55 പേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്. തുടർന്ന് ഒൻ്റാരിയോയിൽ 17 പേർക്കും ബ്രിട്ടിഷ് കൊളംബിയയിൽ അഞ്ച് പേർക്കും ന്യൂബ്രൺസ്വിക്കിലും മാനിറ്റോബയിലും ഓരോ ആളുകൾക്കും അസുഖം ബാധിച്ചിട്ടുണ്ട്.മാർച്ച് ആരംഭത്തിനും ഓഗസ്റ്റ് മധ്യത്തിനും ഇടയിലാണ് മിക്ക ആളുകളും രോഗബാധിതരായത്. രോഗബാധിതരിൽ ഏകദേശം 80 ശതമാനവും സ്ത്രീകളാണെന്ന് ഏജൻസി അറിയിച്ചു.

ബൾക്ക് നട്‌സ് മുതൽ ബക്ലാവ, ദുബായ് ചോക്ലേറ്റ് പോലുള്ള മധുരപലഹാരങ്ങൾ വരെയുള്ള വിവിധ ബ്രാൻഡുകളുടെ പിസ്ത ഉൽപ്പന്നങ്ങൾ കഴിഞ്ഞ രണ്ട് മാസത്തിനിടെ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി തിരിച്ചുവിളിച്ചിട്ടുണ്ട്. കെബെക്കിലും ഒൻ്റാരിയോയിലും വിതരണം ചെയ്ത ഹബീബി, അൽ മൊഖ്താർ ഫുഡ് സെന്റർ, ആൻഡാലോസ്, ഡെലിഫ്രൂട്ട്സ്, ചോക്കോഫോളി, ന്യൂട്രിഫ്രഷ് ബ്രാൻഡ് പിസ്ത എന്നിവ തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.