ഓട്ടവ : കൗമാരക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകൾ തിരിച്ചറിയാൻ കാനഡയിൽ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം. ഉപയോക്താവ് മുതിർന്ന ആളാണെന്ന് ജനനത്തീയതി നൽകിയാലും, അവരുടെ അക്കൗണ്ട് കൗമാരക്കാരുടേതാണോ എന്ന് ഈ എഐ കണ്ടെത്തും.
അക്കൗണ്ടുകൾ ഉണ്ടാക്കിയ തീയതി, മറ്റ് പ്രൊഫൈലുകളുമായും കണ്ടന്റുകളുമായുമുള്ള ഇടപെഴകൽ തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ചാണ് ഈ എഐ മോഡലിനെ പരിശീലിപ്പിക്കുന്നത്. ഒരേ പ്രായത്തിലുള്ളവർ സമാനമായ ഉള്ളടക്കങ്ങളുമായി കൂടുതൽ ഇടപെഴകാറുണ്ട്. ഈ വിവരങ്ങൾ വെച്ച് ഉപയോക്താവ് മുതിർന്നയാളാണോ അതോ കൗമാരക്കാരനാണോ എന്ന് കണക്കാക്കാൻ ഈ എഐ മോഡലിന് കഴിയും. ഒരു ഉപയോക്താവ് മുതിർന്നയാളാണെന്ന് തെറ്റായി നൽകിയിട്ടുണ്ടെങ്കിൽ, ഇൻസ്റ്റാഗ്രാം ആ അക്കൗണ്ടിനെ കൗമാരക്കാരുടെ അക്കൗണ്ടുകളുടെ വിഭാഗത്തിലേക്ക് മാറ്റും.

കഴിഞ്ഞ വർഷം മുതൽ ഇൻസ്റ്റാഗ്രാം കൗമാരക്കാരുടെ അക്കൗണ്ടുകൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതുവഴി, ആരാണ് അവരെ ബന്ധപ്പെടുന്നത്, എത്ര സമയം അവർ ആപ്പ് ഉപയോഗിക്കുന്നു, അവർ കാണുന്ന ഉള്ളടക്കം എന്താണ് എന്നിവയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.
