ഒന്റാരിയോ: കനേഡിയന്‍ പൗരത്വം തെളിയിക്കുന്നതിനായി ഒന്റാരിയോ ആര്‍ക്കൈവ്‌സ് രേഖകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി സുരക്ഷിതമായി പണമടയ്ക്കാം. 2026 ഒക്ടോബര്‍ 28-നാണ് ഒന്റാരിയോ ആര്‍ക്കൈവ്‌സ് വെബ്സൈറ്റില്‍ ഈ പുതിയ സൗകര്യം ലഭ്യമാക്കിയത്. ഇതിലൂടെ അപേക്ഷകര്‍ക്ക് ഓര്‍ഡര്‍ തയ്യാറാകുമ്പോള്‍ ലഭിക്കുന്ന ഇന്‍വോയ്സിലെ ലിങ്ക് വഴി നേരിട്ട് തുക അടയ്ക്കാനാകും. മുന്‍കാലങ്ങളില്‍ വിദേശങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ പണം നല്‍കാനായി ടൊറന്റോയിലേക്ക് ഫോണ്‍ വിളിക്കുകയോ ചെക്ക് തപാല്‍ വഴി അയക്കുകയോ ചെയ്യേണ്ടിവന്നിരുന്നു. എന്നാല്‍ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിലവില്‍ വന്നതോടെ ഇത്തരം ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവായിട്ടുണ്ട്.
ചെക്കുകളും മണി ഓര്‍ഡറുകളും ‘മിനിസ്റ്റര്‍ ഓഫ് ഫിനാന്‍സ്’ എന്ന പേരില്‍ ഇപ്പോഴും സ്വീകരിക്കുന്നുണ്ടെങ്കിലും, ഓണ്‍ലൈന്‍ വഴി പണം അടയ്ക്കുന്ന ഉടന്‍ തന്നെ രേഖകള്‍ അയച്ചുതുടങ്ങുമെന്നതിനാല്‍ തപാല്‍ വഴിയുള്ള കാലതാമസം ഒഴിവാക്കാന്‍ സാധിക്കും. ഓര്‍ഡറുകളുടെ നിലവിലെ വിവരങ്ങള്‍ ഇമെയില്‍ വഴിയാണ് അപേക്ഷകരെ അറിയിക്കുന്നത്. ആര്‍ക്കൈവ്‌സ് രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പിന് 33 കനേഡിയന്‍ ഡോളറും പ്രിന്റിംഗ് ചാര്‍ജുമാണ് നിരക്ക്. സാധാരണ പകര്‍പ്പുകള്‍ക്ക് പേജൊന്നിന് 1.11 ഡോളര്‍ നല്‍കണം. സാധാരണ ഓര്‍ഡറുകള്‍ പൂര്‍ത്തിയാകാന്‍ 14 പ്രവൃത്തി ദിവസങ്ങള്‍ എടുക്കും. കൂടാതെ, സര്‍ട്ടിഫൈഡ് പകര്‍പ്പുകള്‍ക്ക് അടിയന്തര (Urgent) സേവനം ലഭ്യാക്കും.

ജനനം, വിവാഹം, മരണം എന്നിവയുടെ രജിസ്‌ട്രേഷന്‍ ഫോമുകളില്‍ മാറ്റങ്ങളൊന്നുമില്ല; വ്യക്തിയുടെ പേര്, തീയതി, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ തുടര്‍ന്നും നല്‍കേണ്ടതുണ്ട്. ആര്‍ക്കൈവ്‌സിന്റെ റീഡിങ് റൂം താല്‍ക്കാലികമായി അടച്ചിരിക്കുകയാണെങ്കിലും അപേക്ഷകര്‍ക്ക് reference@ontario.ca എന്ന ഇമെയില്‍ വഴിയോ 416-327-1600 / 1-800-668-9933 എന്നീ നമ്പറുകള്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. 2025 ഡിസംബര്‍ 15-ന് പ്രാബല്യത്തില്‍ വന്ന ബില്‍ സി-3 (Bill C-3) പ്രകാരം കനേഡിയന്‍ പാരമ്പര്യമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പൗരത്വത്തിന് അര്‍ഹത ലഭിച്ചിട്ടുണ്ട്. ഇതിനായി മുന്‍തലമുറകളുടെ ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. 1869 മുതല്‍ 1919 വരെയുള്ള ജനന രേഖകളും, 1944 വരെയുള്ള വിവാഹ രേഖകളും, 1954 വരെയുള്ള മരണ രേഖകളും ഒന്റാരിയോ ആര്‍ക്കൈവ്‌സിലാണ് സൂക്ഷിച്ചിരിക്കുന്നത്. നിലവില്‍ വിദേശങ്ങളില്‍ നിന്ന് പ്രതിദിനം ഇരുനൂറിലധികം അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്.
