ഹാലിഫാക്‌സ്: തിങ്കളാഴ്ച നടത്താനിരുന്ന നോവസ്‌കോഷ സ്‌കൂള്‍ ജീവനക്കാരുടെ പണിമുടക്ക് ഒഴിവായി. നോവസ്‌കോഷ സര്‍ക്കാരും അയ്യായിരത്തിലധികം സ്‌കൂള്‍ ജീവനക്കാരെ (school support workers) പ്രതിനിധീകരിക്കുന്ന യൂണിയനും തമ്മില്‍ താല്‍ക്കാലിക കരാറില്‍ എത്തിയതോടെയാണ് പണിമുടക്ക് ഒഴിവായത്.
10 മാസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് അംഗങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് താല്‍ക്കാലിക ധാരണയിലെത്തിയതെന്ന് കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അറിയിച്ചു. സര്‍ക്കാരിന്റെ വേതന വര്‍ധന വാഗ്ദാനത്തില്‍ സംതൃപ്തി രേഖപ്പെടുത്താതെ വെള്ളിയാഴ്ച യൂണിയന്‍ പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. കരാറിലെത്തിയില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

എഡ്യൂക്കേഷണല്‍ പ്രോഗ്രാം അസിസ്റ്റന്റുമാര്‍, ടീച്ചിങ് അസിസ്റ്റന്റുമാര്‍, എര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേറ്റര്‍മാര്‍, ലൈബ്രറേറിയന്മാര്‍, ബസ് ഡ്രൈവര്‍മാര്‍, ജനീറ്റര്‍മാര്‍, കഫറ്റീരിയ ജീവനക്കാര്‍ എന്നിവരടങ്ങുന്നതാണ് ഈ യൂണിയന്‍.
കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. അടുത്ത ആഴ്ച പ്രവിശ്യയിലുടനീളമുള്ള സ്‌കൂള്‍ പ്രവര്‍ത്തനങ്ങളും പ്രോഗ്രാമുകളും പതിവുപോലെ തടസ്സമില്ലാതെ നടക്കുമെന്ന് പ്രീമിയര്‍ ടിം ഹൂസ്റ്റണ്‍ വ്യക്തമാക്കി.
