ടൊറൻ്റോ : കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി തമാശയല്ലെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. “പ്രസിഡൻ്റ് ട്രംപ് വീണ്ടും അതിലേക്ക് തിരിച്ചെത്തിയിരിക്കുന്നു,” ഡഗ് ഫോർഡ് ബുധനാഴ്ച ടൊറൻ്റോയിൽ മിഷിഗൻ ഗവർണർ ഗ്രെച്ചൻ വിറ്റ്‌മറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബുധനാഴ്ച കോക്കസ് മീറ്റിങ്ങിനായി ഓട്ടവയിൽ ഒത്തുകൂടിയ ലിബറൽ എംപിമാരും ഡോണൾഡ് ട്രംപിന്‍റെ ഭീഷണിയെ വിമർശിച്ചു. സൂ സെ മാരി ലിബറൽ എംപി ടെറി ഷീഹാൻ, മിസ്സിസാഗ-ലേക്ക്‌ഷോർ ലിബറൽ എംപി ചാൾസ് സൂസ എന്നിവരും ട്രംപിന്‍റെ അഭിപ്രായങ്ങളെ വിമർശിച്ചു. അതേസമയം യുഎസ് താരിഫുകൾ ബാധിച്ച കനേഡിയൻ പൗരന്മാർ അവരുടെ എംപിമാരെ ബന്ധപ്പെടണമെന്ന് വസായ മന്ത്രി മെലനി ജോളി പറഞ്ഞു.

ചൊവ്വാഴ്ച വാഷിംഗ്ടണിനടുത്തുള്ള ക്വാണ്ടിക്കോയിൽ “ഗോൾഡൻ ഡോം” മിസൈൽ പ്രതിരോധ പദ്ധതികളെക്കുറിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കവെയാണ് കാനഡയെ യുഎസിന്‍റെ 51-ാം സംസ്ഥാനമാക്കാൻ ആഗ്രഹിക്കുന്നതായുള്ള പ്രസ്താവന ട്രംപ് ആവർത്തിച്ചത്. “ഗോൾഡൻ ഡോം” മിസൈൽ പ്രതിരോധ പദ്ധതിയിൽ ഭാഗമാകാൻ ഏതാനും ആഴ്ചകൾക്ക് മുമ്പ് കാനഡ അഭ്യർത്ഥിച്ചതായും എന്നാൽ പദ്ധതിയിൽ സൗജ്യന്യമായി ചേരാൻ കാനഡ അമേരിക്കയിൽ ചേരണമെന്ന് താൻ മറുപടി നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി.