സെൻ്റ് ജോൺസ് : ഇസ്രയേൽ സൈന്യം തടവിലാക്കിയവരിൽ മൂന്ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പൗരന്മാർ ഉൾപ്പെടുന്നതായി അഭിഭാഷക സംഘമായ പലസ്തീൻ ആക്ഷൻ YYT അറിയിച്ചു. ഗാസയിലേക്ക് സഹായമെത്തിക്കാൻ ശ്രമിച്ച ഫ്ലോട്ടില്ലയുടെ ഭാഗമായിരുന്നു ഇസ്രയേൽ പിടിയിലായ സാഡി മീസ്, നികിത സ്റ്റാപ്പിൾട്ടൺ, ഡെവോണി എല്ലിസ് എന്നിവരെന്നും സ്വതന്ത്ര കമ്മ്യൂണിറ്റി സംഘടനയായ പലസ്തീൻ ആക്ഷൻ YYT പറയുന്നു. മൂവരെയും സംരക്ഷിക്കാൻ കനേഡിയൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് പലസ്തീൻ ആക്ഷൻ വക്താവ് നിക്കോളാസ് കീഫ് ആവശ്യപ്പെട്ടു. കൂടാതെ ഇസ്രയേൽ കടലിൽ സാധാരണക്കാരെ തടങ്കലിൽ വച്ചതിനെ കാനഡ പരസ്യമായി അപലപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആറ് കനേഡിയൻ പൗരന്മാരെ ഇസ്രയേലിൽ തടങ്കലിൽ വച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് സോഷ്യൽ മീഡിയയിൽ പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ഇവരെ മോചിപ്പിക്കാൻ ഗ്ലോബൽ അഫയേഴ്‌സ് കാനഡയിലെ ഉദ്യോഗസ്ഥർ ഇസ്രയേൽ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ കനേഡിയൻ പൗരന്മാർക്കും കോൺസുലാർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.