പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ യാത്രയിൽ ഗുരുതര സുരക്ഷാ വീഴ്ച. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കിയ ഹെലിപാഡിലെ കോൺക്രീറ്റ് തറ താഴ്ന്നുപോയതാണ് സംഭവം. ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോയതോടെ പോലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കുകയായിരുന്നു. രാഷ്ട്രപതിയുടെ യാത്രയ്ക്ക് തടസ്സമുണ്ടായില്ലെങ്കിലും സുരക്ഷാ ക്രമീകരണങ്ങളിലെ ഗുരുതരമായ പാളിച്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ മൂലം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. പുതിയ ഹെലിപാഡിൽ കോൺക്രീറ്റ് പൂർണ്ണമായും ഉറയ്ക്കുന്നതിനു മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണമായത്. രാഷ്ട്രപതിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഒരുക്കിയ താൽക്കാലിക സംവിധാനത്തിലുണ്ടായ ഈ പിഴവ് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.
