ഓട്ടവ : ലിബറൽ സർക്കാരിനെ പിന്തുണച്ച് എൻഡിപി. ഫെഡറൽ ബജറ്റിന്‍റെ മൂന്ന് വിശ്വാസവോട്ടെടുപ്പുകളിൽ ആദ്യത്തേതിൽ ഇന്ന് ന്യൂനപക്ഷ ലിബറൽ സർക്കാരിനെ നിലനിർത്താൻ എൻഡിപി എംപിമാർ സഹായിക്കുമെന്ന് പാർട്ടി ഇടക്കാല ലീഡർ ഡോൺ ഡേവീസ് അറിയിച്ചു. ബ്ലോക്ക് കെബെക്ക്വയും കൺസർവേറ്റീവ് പാർട്ടിയും നിർദ്ദേശിച്ച ബജറ്റിലെ രണ്ട് ഭേദഗതികളിൽ പാർലമെൻ്റ് അംഗങ്ങൾ ഇന്ന് വോട്ടു ചെയ്യും. കൺസർവേറ്റീവ് പാർട്ടിയുടെ ബജറ്റ് ഭേദഗതിയെ ഏഴ് ന്യൂ ഡെമോക്രാറ്റ് എംപിമാർ പിന്തുണയ്ക്കില്ലെന്ന് ഡേവീസ് വ്യക്തമാക്കി. അതേസമയം ബ്ലോക്ക് കെബെക്ക്വയുടെ ബജറ്റ് ഭേദഗതിയിൽ അങ്ങനെ വോട്ട് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഡോൺ ഡേവീസ് പറഞ്ഞു.

സർക്കാർ മൂന്ന് വിശ്വാസവോട്ടെടുപ്പുകളിൽ ഏതെങ്കിലുമൊന്നിൽ പരാജയപ്പെട്ടാൽ അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങും. ബജറ്റ് പാസാക്കുന്നതിൽ പരാജയപ്പെട്ടാൽ ആറു മാസത്തിനുള്ളിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് പോകാൻ സാധ്യതയുണ്ട്. ബജറ്റിന്‍റെ പേരിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണോ എന്ന ചോദ്യത്തിന്, “ശരിയായ കാര്യത്തിനു വേണ്ടി നിലകൊള്ളാൻ ഞാൻ എപ്പോഴും തയ്യാറാണ്” എന്നായിരുന്നു പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മറുപടി.
