ഓട്ടവ : യുഎസുമായുള്ള വ്യാപാരയുദ്ധം തുടരുന്നതിനാൽ, കാനഡയിലെ സ്റ്റീൽ, തടി വ്യവസായങ്ങളെ സഹായിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ചൈനീസ് സ്റ്റീൽ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്ന് കാർണി പറഞ്ഞു. അതേസമയം അലുമിനിയം വ്യവസായത്തിനായി ഫെഡറൽ സർക്കാർ പുതിയ നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ചൈനയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് 25% സർചാർജ് ചുമത്തിയതായും മാർക്ക് കാർണി പ്രഖ്യാപിച്ചു. കാനഡയുമായി സ്വതന്ത്ര വ്യാപാര കരാറില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതി ക്വാട്ട 50 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറയ്ക്കും. ജൂലൈയിൽ കാനഡ ആ ക്വാട്ടകൾ 100 ശതമാനത്തിൽ നിന്ന് 50 ശതമാനമായി കുറച്ചിരുന്നു. കൂടാതെ കാനഡയുമായി സ്വതന്ത്ര വ്യാപാര കരാറുള്ള രാജ്യങ്ങൾക്കുള്ള ഇറക്കുമതി ക്വാട്ട 100 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കാനും ഫെഡറൽ സർക്കാർ തീരുമാനിച്ചു. അടുത്ത വസന്തകാലം മുതൽ പ്രവിശ്യകളിലുടനീളം കനേഡിയൻ സ്റ്റീൽ കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഫെഡറൽ സർക്കാർ 50% കുറയ്ക്കും. സ്റ്റീൽ, അലുമിനിയം എന്നിവയുൾപ്പെടെയുള്ള കനേഡിയൻ വസ്തുക്കൾക്ക് മുൻഗണന നൽകുന്ന ബൈ കനേഡിയൻ നയം വർഷാവസാനം നടപ്പിലാക്കുമെന്നും കാർണി അറിയിച്ചു. ഒപ്പം മുമ്പ് പ്രഖ്യാപിച്ച സോഫ്റ്റ്‌വുഡ് ലംബർ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിന് 50 കോടി ഡോളർ കൂടി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂണിൽ, യുഎസിലേക്കുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്കുള്ള താരിഫ് 50% ആയി ട്രംപ് ഭരണകൂടം വർധിപ്പിച്ചിരുന്നു. കൂടാതെ ഒക്ടോബറിൽ സോഫ്റ്റ് വുഡ് തടിക്ക് 10% അധിക താരിഫും ഏർപ്പെടുത്തി. ഇതോടെ ആ താരിഫുകൾ 35 ൽ നിന്ന് 45 ശതമാനമായി വർധിച്ചു. ചില ഫർണിച്ചറുകൾക്കും കിച്ചൺ കാബിനറ്റ് ഉൽപ്പന്നങ്ങൾക്കും 25% താരിഫുകളും നിലവിലുണ്ട്. അതേസമയം, അമേരിക്കയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് കാനഡ 25% കൌണ്ടർ-താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്.
