Thursday, November 27, 2025

‘ആ മൃഗം വലിയ വില നല്‍കേണ്ടി വരും’; വൈറ്റ് ഹൗസിനടുത്ത വെടിവെപ്പില്‍ പ്രതികരിച്ച് ടംപ്

വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പില്‍ രൂക്ഷ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അക്രമിയെ ‘മൃഗം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അയാള്‍ വലിയ വില നല്‍കേണ്ടി വരുമെന്നും വ്യക്തമാക്കി. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

‘നമ്മുടെ വലിയവരായ നാഷണല്‍ ഗാര്‍ഡിനെയും നമ്മുടെ എല്ലാ സൈനികരെയും നിയമപാലകരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇവര്‍ ശരിക്കും മഹാന്‍മാരാണ്. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഞാനും പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ട്’- ട്രംപ് കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വെസ്റ്റ് വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡിലെ രണ്ട് അംഗങ്ങള്‍ക്ക് നേരെ മെട്രോ സ്റ്റോപ്പിന് സമീപം വെടിവെപ്പുണ്ടായത്. വൈറ്റ് ഹൗസില്‍ നിന്ന് അധികം ദൂരെയല്ലാത്ത അതീവ സുരക്ഷാ മേഖലയിലായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് സൈനികര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. കുറ്റകൃത്യങ്ങള്‍ക്കെതിരായ ട്രംപിന്റെ ദൗത്യത്തിന്റെ ഭാഗമായി നഗരത്തില്‍ വിന്യസിച്ച 2,000-ത്തിലധികം സൈനികരില്‍ ഉള്‍പ്പെട്ടവരാണ് വെടിയേറ്റ ഗാര്‍ഡുകള്‍.

10 മുതല്‍ 15 റൗണ്ട് വെടിയുതിര്‍ത്ത അക്രമി, ഒരുകോണില്‍ നിന്ന് പെട്ടെന്ന് വന്ന് സൈനികരെ ലക്ഷ്യമിട്ട് ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റ സൈനികര്‍ തിരിച്ചടിച്ചതിനെ തുടര്‍ന്ന് അക്രമിക്കും വെടിയേറ്റു. മറ്റ് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ ചേര്‍ന്നാണ് ഇയാളെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറിയത്. നിലവില്‍ അക്രമിയും ആശുപത്രിയില്‍ ചികിത്സയിലാണ്.

29 വയസ്സുള്ള അഫ്ഗാന്‍ പൗരനായ റഹ്‌മാനുല്ല ലകന്‍വാല്‍ ആണ് അക്രമിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2021-ല്‍ അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയതിന് ശേഷം ജോ ബൈഡന്‍ ഭരണകൂടം ആരംഭിച്ച ‘ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം’ എന്ന പ്രോഗ്രാം വഴിയാണ് ഇയാള്‍ യുഎസില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവം തീവ്രവാദ പ്രവര്‍ത്തനമായി കണക്കാക്കിയാണ് എഫ്.ബി.ഐ അന്വേഷണം നടത്തുന്നത്.

സംഭവത്തിന് പിന്നാലെ, നഗരത്തിലേക്ക് 500 അധിക നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ കൂടി അയക്കാന്‍ ട്രംപ് ഉത്തരവിട്ടു. കൂടാതെ, ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ രാജ്യത്ത് പ്രവേശിച്ച എല്ലാ അഫ്ഗാന്‍ അഭയാര്‍ത്ഥികളെയും പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!