വാഷിങ്ടണ്‍: ജി20യുടെ അധ്യക്ഷസ്ഥാനം അമേരിക്കയ്ക്ക് കൈമാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കടുത്ത നടപടികളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. അടുത്ത വര്‍ഷം ഫ്ളോറിഡയിലെ മയാമിയില്‍ വര്‍ഷം നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിവരുന്ന എല്ലാ സബ്സിഡിയും ഉടന്‍ അവസാനിപ്പിക്കുമെന്നും ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ജി 20യുടെ അവസാന ദിവസമായിരുന്നു വിവാദത്തിന് തിരികൊളുത്തിയത്. സാധാരണഗതിയില്‍ രാഷ്ട്രത്തലവന്മാര്‍ക്കാണ് ജി 20യുടെ അധ്യക്ഷസ്ഥാനം കൈമാറാറുള്ളത്. എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ അമേരിക്കന്‍ എംബസിയിലെ പ്രതിനിധിക്ക് അധ്യക്ഷസ്ഥാനം കൈമാറാന്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധികള്‍ വിസമ്മതിച്ചു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ വംശീയപീഡനത്തിന് ഇരയാകുന്നുവെന്ന് ആരോപിച്ചാണ് ദക്ഷിണാഫ്രിക്കയിലെ ജി 20 ഉച്ചകോടി അമേരിക്ക ബഹിഷ്‌കരിച്ചത്.
