ഓട്ടവ : ഈ പുതുവത്സരരാവിൽ സൗജന്യ യാത്ര ഒരുക്കി OC ട്രാൻസ്‌പോ. ഡിസംബർ 31 വൈകുന്നേരം 6 മണി മുതൽ ബസുകൾ, O-ട്രെയിൻ ലൈനുകൾ, പാരാ ട്രാൻസ്‌പോ എന്നിവയിൽ സൗജന്യ സേവനം ലഭ്യമാകുമെന്ന് ഓട്ടവ ട്രാൻസിറ്റ് സർവീസ് റിപ്പോർട്ട് ചെയ്തു. ഡിസംബർ 31-ന് ബസ് സർവീസ് കുറവായിരിക്കുമെന്നും OC ട്രാൻസ്‌പോ അറിയിച്ചിട്ടുണ്ട്. O-ട്രെയിൻ ലൈൻ 1 വെള്ളിയാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 2 വരെ സർവീസ് നടത്തും. ഓരോ ആറ് മിനിറ്റിലും പീക്ക് പീരിയഡ് സർവീസ് ഉണ്ടാകും. O-ട്രെയിൻ ലൈൻ 2 രാവിലെ 6 മുതൽ പുലർച്ചെ 1 വരെ പ്രവർത്തിക്കും. ലൈൻ 4 സാധാരണ പ്രവൃത്തിദിന ഷെഡ്യൂളിൽ സർവീസ് നടത്തും. പാരാ ട്രാൻസ്‌പോ പുലർച്ചെ 3 മണി വരെ പ്രവർത്തിക്കുമെന്നും ട്രാൻസിറ്റ് ഏജൻസി അറിയിച്ചു.

അതേസമയം ഡിസംബർ 21 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ശൈത്യകാല സർവീസ് മാറ്റങ്ങൾ OC ട്രാൻസ്‌പോ പ്രഖ്യാപിച്ചു. 31 സെന്റീമീറ്ററോ അതിൽ കൂടുതലോ മഞ്ഞുവീഴ്ച പ്രവചിക്കപ്പെടുന്ന പ്രവൃത്തി ദിവസങ്ങളിലോ, പ്രതികൂല കാലാവസ്ഥയിലോ ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തും. ശൈത്യകാലം കടുക്കുന്നതോടെ ബസ് സർവീസ് കുറയ്ക്കുകയും നിരവധി ആർട്ടിക്കുലേറ്റഡ് ബസുകൾക്ക് പകരം 40 അടി അല്ലെങ്കിൽ ഡബിൾ ഡെക്കർ ബസുകൾ സർവീസ് നടത്തുകയും ചെയ്യും. ഒ-ട്രെയിൻ, പാരാ ട്രാൻസ്‌പോ സർവീസുകൾ കുറയ്ക്കില്ല. പക്ഷേ യാത്രക്കാർ കാലതാമസം പ്രതീക്ഷിക്കണമെന്നും ഒസി ട്രാൻസ്‌പോ പറയുന്നു.
