തൃശൂർ : കാനഡയിലേക്കു വീസ നൽകാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ. കരുവന്തല സ്വദേശി മാമ്മസ്രയില്ലത്ത് നിസയെയാണ് (50) നെടുമ്പാശേരി എയർപോർട്ടിൽ നിന്നും ലുക്കൗട്ട് സർക്കുലർ (എൽഒസി) പ്രകാരം പൊലീസ് പിടികൂടിയത്. ചാലക്കുടി അണ്ണല്ലൂർ തിരുത്തിപ്പറമ്പ് സ്വദേശി പുതിയപറമ്പിൽ സ്റ്റെവിൻ പൗലോസിനു (28) കാനഡയിലേക്കു വീസ നൽകാമെന്നു പറഞ്ഞ് 2024 ഏപ്രിൽ 6 മുതൽ 2025 സെപ്റ്റംബർ 8 വരെയുള്ള കാലയളവിൽ പല തവണകളായി 5 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.

സംഭവം കേസായതിനെത്തുടർന്ന് ഷാർജയിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിസ തിരിച്ച് നാട്ടിലേക്ക് വരുന്നതിനിടെ നെടുമ്പാശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് ഇവർ നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നിസയുടെ പേരിൽ ചാലക്കുടിയിൽ അടക്കം സമാനമായ നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
