ടൊറൻ്റോ : പ്രവിശ്യയിൽ സ്ഥിര താമസത്തിനായുള്ള പാത്ത് വേകൾ പുനഃക്രമീകരിക്കുമെന്ന് ഒൻ്റാരിയോ സർക്കാർ പ്രഖ്യാപിച്ചു. ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) വഴി കുടിയേറ്റക്കാരെ തിരഞ്ഞെടുക്കുന്ന രീതിയിൽ രണ്ട് ഘട്ടങ്ങളായുള്ള മാറ്റങ്ങൾ വരുത്താനാണ് സർക്കാർ തീരുമാനം.

ആദ്യ ഘട്ടത്തിൽ, ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) അതിന്‍റെ മൂന്ന് “തൊഴിലുടമ: ജോബ് ഓഫർ സ്ട്രീമുകൾ” ഒരൊറ്റ സ്ട്രീമിലേക്ക് യോജിപ്പിക്കും. രണ്ടാം ഘട്ടത്തിൽ, OINP അതിന്‍റെ നിലവിലുള്ള മറ്റെല്ലാ സ്ട്രീമുകളും ഒഴിവാക്കി മൂന്ന് പുതിയ സ്ട്രീമുകൾ അവതരിപ്പിക്കും. പ്രയോറിറ്റി ഹെൽത്ത് കെയർ സ്ട്രീം (Priority Healthcare Stream), ഓൻ്റർപ്രണർ സ്ട്രീം (Entrepreneur Stream), എക്സെപ്ഷണൽ ടാലൻ്റ് സ്ട്രീം (Exceptional Talent Stream) എന്നിവയാണ് രണ്ടാം ഘട്ടത്തിലെ മൂന്ന് പുതിയ സ്ട്രീമുകൾ.
TEER 0–3 പാത്ത് വേ : സ്കിൽഡ് വർക്കർമാർക്കായിരിക്കും മുൻഗണന. ഒൻ്റാരിയോയിൽ കുറഞ്ഞത് 6 മാസം പ്രവർത്തിപരിചയം, അല്ലെങ്കിൽ 5 വർഷത്തിനുള്ളിൽ (ഒൻ്റാരിയോയ്ക്ക് അകത്തോ പുറത്തോ) 2 വർഷത്തെ പ്രവർത്തിപരിചയം, നിശ്ചിത ശമ്പള മാനദണ്ഡം, വിദേശ വിദ്യാഭ്യാസം നേടിയവർക്ക് ഇ.സി.എ. (Educational Credential Assessment) എന്നിവ ആവശ്യമാണ്.

TEER 4–5 പാത്ത് വേ : ഹൈസ്കൂൾ വിദ്യാഭ്യാസം അല്ലെങ്കിൽ ഓൺ-ദി-ജോബ് പരിശീലനം ആവശ്യമുള്ള നിർമ്മാണം, സേവനം, നിർമ്മാണ മേഖലകളിലെ കുറവുകൾ നികത്താൻ ഇത് സഹായിക്കും. ഈ പാതയിൽ കുറഞ്ഞ ഭാഷാ നിലവാരവും (Canadian Language Benchmark-CLB) ഒരേ തൊഴിലുടമയുടെ കീഴിൽ 9 മാസത്തെ പ്രവർത്തിപരിചയവും നിർബന്ധമാണ്.
