സാസ്കറ്റൂൺ : അതിശൈത്യത്തിൽ വിറച്ച് സാസ്കറ്റൂൺ നഗരം. സാസ്കറ്റൂണിലും സെൻട്രൽ സസ്കാച്വാനിലെ ചില ഭാഗങ്ങളിലും താപനില മൈനസ് 40 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. അതിശൈത്യ കാലാവസ്ഥ എല്ലാവരെയും അപകടത്തിലാക്കുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. അതിശൈത്യത്തെ നേരിടാൻ ചൂട് നൽകുന്ന കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കണം. കൂടാതെ കാറ്റിനെ പ്രതിരോധിക്കാൻ സാധിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കണം. കടുത്ത തണുപ്പിൽ നിന്നും വളർത്തു മൃഗങ്ങൾക്കും സംരക്ഷണം ഒരുക്കണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു.

വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച കനത്ത മഞ്ഞുവീഴ്ചയ്ക്ക് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നേരിയ ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് പറയുന്നു. എന്നാൽ, വെള്ളിയാഴ്ച രാത്രി വീണ്ടും മഞ്ഞുവീഴ്ച ആരംഭിക്കും. ഇത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് വരെ തുടരും.
