നിലവിൽ സസ്‌പെൻഷനിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ് പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ് എം.എൽ.എ. അറിയിച്ചു. ഉയർന്നുവന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളെയും തുടർന്നാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കണമെന്ന കെ.പി.സി.സി നടപടി ഹൈക്കമാൻഡ് അംഗീകരിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു.

യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചില്ല. അദ്ദേഹത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. രണ്ട് ദിവസമാണ് ജാമ്യാപേക്ഷയിന്മേലുള്ള വാദം നടന്നത്. വാദങ്ങളെ പിന്തുണയ്ക്കുന്നതിനായി കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
