ഓട്ടവ: പ്രസവാനന്തര വിഷാദ (PPD) ചികിത്സയ്ക്ക് ആദ്യത്തെ മരുന്നിന് അംഗീകാരം നൽകി ഹെൽത്ത് കാനഡ. സുറാനലോൺ എന്ന ഈ മരുന്ന് വിപണിയിൽ Zurzuvae എന്ന പേരിലാണ് ലഭ്യമാകുകയെന്ന് വിദഗ്ധർ അറിയിച്ചു. കാനഡയിൽ അഞ്ചിൽ ഒരു സ്ത്രീക്കെങ്കിലും പ്രസവത്തിന് ശേഷമോ അതിനിടയിലോ വിഷാദ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മരുന്നിന് ഹെൽത്ത് കാനഡ അംഗീകാരം നൽകിയത്. ഇത് ദിവസത്തിൽ ഒരിക്കൽ രണ്ടാഴ്ച കഴിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ വിഷാദം കുറയ്ക്കാൻ തുടങ്ങുമെന്ന് ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.

ഈ മരുന്ന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് പഠനങ്ങളിൽ തെളിഞ്ഞതായി ഹെൽത്ത് കാനഡ അറിയിച്ചു. വിഷാദം, കടുത്ത ഉത്കണ്ഠ, കുഞ്ഞിനോട് അടുപ്പം തോന്നാതിരിക്കുക, കടുത്ത ക്ഷീണം തുടങ്ങിയ PPD ലക്ഷണങ്ങളുള്ളവർക്കാണ് ഇത് നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ PPD-ക്ക് ഉപയോഗിക്കുന്ന മറ്റ് മരുന്നുകൾ (SSRI) വേഗത്തിൽ ഫലം നൽകില്ലാത്തതിനാൽ കൂടുതൽ കാലം കഴിക്കേണ്ടി വരുന്നു. ഹോർമോൺ മാറ്റങ്ങൾ പ്രസവാനന്തര വിഷാദത്തിന് പ്രധാന കാരണമായതിനാൽ പ്രൊജസ്റ്ററോൺ എന്ന ഹോർമോണിന്റെ കൃത്രിമ രൂപമാണ് ഈ മരുന്നെന്ന് വിദഗ്ധർ സൂചിപ്പിച്ചു.
