ഓട്ടവ: ആല്‍ബര്‍ട്ടയ്ക്കും ബ്രിട്ടിഷ് കൊളംബിയയ്ക്കും ഇടയില്‍ പുതിയ ബിറ്റുമെന്‍ പൈപ്പ്ലൈന്‍ നിര്‍മ്മിക്കുന്നതിനെ പകുതിയോളം കാനഡക്കാര്‍ പിന്തുണയ്ക്കുന്നതായി പുതിയ ലെഗര്‍ സര്‍വെ. വോട്ടെടുപ്പില്‍ പങ്കെടുത്ത 50% കാനഡക്കാര്‍ പുതിയ പൈപ്പ്ലൈന്‍ നിര്‍മ്മാണത്തെ പിന്തുണച്ചു. അഞ്ചില്‍ ഒരാള്‍ മാത്രമാണ് പദ്ധതിയെ പൂര്‍ണ്ണമായും എതിര്‍ക്കുന്നത്.
സര്‍വെയില്‍ പങ്കെടുത്ത 24% പേര്‍ പദ്ധതിയെ ശക്തമായി പിന്തുണച്ചപ്പോള്‍ 26% പേര്‍ ഭാഗികമായി പിന്തുണച്ചു. 17% പേര്‍ മാത്രമാണ് പദ്ധതിയെ എതിര്‍ത്തത്. 20% പേര്‍ ഇതിനെ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യാത്ത നിലപാടെടുത്തു. ആല്‍ബര്‍ട്ടയിലും പുരുഷന്മാര്‍, പ്രായമായ കാനഡക്കാര്‍, കണ്‍സര്‍വേറ്റീവ് വോട്ടര്‍മാര്‍ എന്നിവര്‍ക്കിടയിലാണ് പൈപ്പ്ലൈനിനുള്ള പിന്തുണ ഏറ്റവും ശക്തം.

ആല്‍ബര്‍ട്ടയില്‍ 66% പേരും ഒന്റാരിയോ, ബിസി എന്നിവിടങ്ങളില്‍ 50% പേരും പദ്ധതിയെ പിന്തുണച്ചു. കെബെക്കിലാണ് ഏറ്റവും കുറവ് പിന്തുണ ലഭിച്ചത്. 37 ശതമാനം പേര്‍ മാത്രമാണ് പദ്ധതിക്ക് പിന്തുണ നല്‍കിയത്. അതേസമയം രാഷ്ട്രീയ പിന്തുണ പരിശോധിക്കുമ്പോള്‍ 71% പിന്തുണയുമായി കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരാണ് മുന്നില്‍, ലിബറല്‍ വോട്ടര്‍മാര്‍ 54%, എന്‍ഡിപി വോട്ടര്‍മാര്‍ 23% ആണ്.
പൈപ്പ്ലൈന്‍ നിര്‍മ്മാണം തങ്ങളുടെ സാമ്പത്തിക ഭാവിയ്ക്ക് ‘അത്യധികം’ അല്ലെങ്കില്‍ വളരെ പ്രധാനമാണെന്ന് 45% പേര്‍ അഭിപ്രായപ്പെട്ടു. തദ്ദേശീയ അവകാശങ്ങള്‍ മാനിച്ചുകൊണ്ട് പുതിയ പൈപ്പ്ലൈനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് 49% പേര്‍ക്ക് ആത്മവിശ്വാസമുണ്ട്. നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് കൊളംബിയയിലെ തദ്ദേശീയ സമൂഹങ്ങളുടെ പിന്തുണ പ്രധാനമാണെന്ന് 68% പ്രതികരിച്ചവരും പറഞ്ഞു.
കാനഡയുടെ ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയില്‍ കാനഡക്കാര്‍ ഇപ്പോഴും വളരെ താല്‍പ്പര്യമുള്ളവരാണ് എന്നും അതിനു യോജിച്ച ഒന്നാണ് പൈപ്പ്ലൈന്‍ എന്നും ലെഗര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്‍ഡ്രൂ എന്‍സ് അഭിപ്രായപ്പെട്ടു.
