സാൻഫ്രാൻസിസ്കോ: ലോകം ചുറ്റാനിറങ്ങിയ ആഡംബര ക്രൂയിസ് കപ്പലിലെ നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കും നോറോവൈറസ് ബാധിച്ചത് ആശങ്കയാകുന്നു. രണ്ടായിരത്തോളം യാത്രക്കാരും 640 ക്രൂ അംഗങ്ങളുമായി 133 ദിവസത്തെ യാത്രക്ക് പുറപ്പെട്ട ഐഡ ദീവ എന്ന കപ്പലിലാണ് പകർച്ചവ്യാധി പടർന്നതിനാൽ പ്രതിസന്ധിയിലായത്. യു.എസ്, യുകെ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, മെക്സിക്കോ, ശ്രീലങ്ക എന്നിവയുൾപ്പെടെ 26 രാജ്യങ്ങൾ സന്ദർശിക്കുന്ന ഐഡ ദീവ നവംബർ 10 ന് ജർമനിയിലെ ഹാംബർഗിൽ നിന്നാണ് പുറപ്പെട്ടത്. സംഭവത്തെക്കുറിച്ച് നിരീക്ഷിക്കുകയാണെന്നും രോഗബാധിതരിൽ വയറിളക്കവും ഛർദ്ദിയുമാണുള്ളതെന്നും പ്രധാന യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. രോഗബാധിതരായവരെ ക്വാറന്റീൻ ചെയ്തതതായും കപ്പൽ അണുവിമുക്തമാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും റിപ്പോർട്ടിലുണ്ട്.

നവംബർ 30 നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. കപ്പൽ മിയാമിയിൽ നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു ആദ്യ കേസ്. വയറിളക്കവും ഛർദ്ദിയുമാണ് പ്രധാന ലക്ഷണങ്ങൾ. കഴിഞ്ഞ ഡിസംബറിൽ യു.എസിൽ വലിയ രീതിയിൽ നോറോവൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അലബാമ, നെബ്രാസ്ക, ഒക്ലഹോമ, ടെക്സസ്, വ്യോമിങ് എന്നീ സംസ്ഥാനങ്ങളിലാണ് നോറോവൈറസ് കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്തത്.
