മസ്‌കറ്റ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ഈ മാസം ഒമാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഏറെക്കാലമായി ചര്‍ച്ചയിലുള്ള ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (CEPA/സ്വതന്ത്ര വ്യാപാര കരാര്‍) ഒപ്പുവെക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡിസംബര്‍ 17-നോ 18-നോ ആയിരിക്കും പ്രധാനമന്ത്രി ഒമാനില്‍ എത്തുക. പശ്ചിമേഷ്യയിലും ആഫ്രിക്കയിലുമായുള്ള നാല് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഒമാന്‍ യാത്ര. ജോര്‍ദാന്‍, എത്യോപ്യ എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിച്ചേക്കും.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷിക വേളയിലാണ് ഈ സന്ദര്‍ശനം. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഇന്ത്യ സന്ദര്‍ശിച്ച് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് മോദി ഒമാനിലെത്തുന്നത്.

ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (CEPA) ചര്‍ച്ചകള്‍ 2023 നവംബറിലാണ് ആരംഭിച്ചത്. മൂന്ന് ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം കരാറിന്റെ ഉള്ളടക്കവും കമ്പോള പ്രവേശന വ്യവസ്ഥകളും സംബന്ധിച്ച് ഇരുപക്ഷവും ധാരണയിലെത്തി.
നിലവില്‍, കരാര്‍ ഒപ്പുവെക്കുന്നതിനുള്ള ആഭ്യന്തര അംഗീകാര നടപടികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇരു രാജ്യങ്ങളും. കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അനുമതി ലഭിച്ചാല്‍ ഉടന്‍ കരാര്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ. ഒമാനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
ഈ കരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തിനും നിക്ഷേപത്തിനും ഉത്തേജനം നല്‍കുമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളി കൂടിയാണ് ഒമാന്‍. ഇന്ത്യയുടെ പ്രതിരോധ സേനയുടെ മൂന്ന് വിഭാഗങ്ങളും സംയുക്ത അഭ്യാസം നടത്തിയ ആദ്യ ഗള്‍ഫ് രാജ്യവും ഒമാനാണ്.
