കേരളം ഉറ്റുനോക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലകള്‍ മാറിമറിയുന്ന കാഴ്ചയാണ്. ആദ്യമായി തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഫലങ്ങളായിരിക്കും ആദ്യം ലഭ്യമാവുക. സംസ്ഥാനത്ത് ആകെ 73.69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 2.10 കോടിയിലധികം പേരാണ് ഇത്തവണ വോട്ട് ചെയ്തത്.
ആദ്യ ഫലസൂചനകള്‍ പ്രകാരം യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു. ഫോര്‍ട്ടുകൊച്ചി, ഈരവേലി, മട്ടാഞ്ചേരി എന്നിവിടങ്ങളിലാണ് യുഡിഎഫ് മുന്നില്‍. തൃക്കാക്കര നഗരസഭയില്‍ എല്‍ഡിഎഫ് നാലിടത്തും യുഡിഎഫ് രണ്ടിടത്തും ലീഡ് ചെയ്യുന്നു. പാലക്കാട് നഗരസഭയില്‍ ആദ്യ ലീഡ് ബിജെപിക്ക് അനുകൂലമായി വന്നു. കൊല്ലം കോര്‍പ്പറേഷനിലും കൊല്ലം ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫിനാണ് ആദ്യ ലീഡ്. ആദ്യ മിനിറ്റുകളില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന നിരവധി വാര്‍ഡുകളുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികളെല്ലാം. ഇന്ന് ഉച്ചയോടെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തുടര്‍ച്ച ആര്‍ക്കെന്ന കാര്യത്തില്‍ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
