ടെഹ്‌റാന്‍: 2023-ലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടിയ ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിയെ ഇറാനിയന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഭിഭാഷകന്‍ ഖോസ്രോ അലികോര്‍ഡിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കിഴക്കന്‍ നഗരമായ മഷാദില്‍ വെച്ചാണ് 53-കാരിയായ നര്‍ഗീസിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
മറ്റ് ആക്ടിവിസ്റ്റുകള്‍ക്കൊപ്പമാണ് നര്‍ഗീസ് മുഹമ്മദിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് നര്‍ഗസ് ഫൗണ്ടേഷന്‍ അറിയിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നതിനുള്ള അംഗീകാരമായാണ് 2023-ല്‍ നര്‍ഗീസിന് നോബേല്‍ സമ്മാനം ലഭിച്ചത്. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് 2024 ഡിസംബറില്‍ താല്‍ക്കാലികമായി ജയില്‍ മോചിതയായ അവര്‍, ഇസ്രായേലുമായുള്ള വെടിനിര്‍ത്തലിന് ശേഷം ഇറാന്‍ അധികാരികള്‍ രാജ്യത്ത് അടിച്ചമര്‍ത്തല്‍ ശക്തമാക്കുകയാണെന്ന് അടുത്തിടെ ആരോപിച്ചിരുന്നു.

നര്‍ഗീസ് മുഹമ്മദിയുടെ അറസ്റ്റില്‍ നോബേല്‍ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. മുഹമ്മദി എവിടെയാണുള്ളതെന്ന് വ്യക്തമാക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ഉപാധികളില്ലാതെ അവരെ ഉടന്‍ വിട്ടയക്കാനും കമ്മിറ്റി ഇറാന്‍ അധികാരികളോട് ആവശ്യപ്പെട്ടു.
