ബെത്ലഹേം: ഇസ്രയേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമില്‍ പുനരാരംഭിച്ചു. സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയര്‍ത്തി ആയിരക്കണക്കിന് വിശ്വാസികളും സഞ്ചാരികളുമാണ് ബെത്ലഹേമിലെ മാംഗര്‍ സ്ക്വയറില്‍ ഒത്തുകൂടിയത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി യുദ്ധസാഹചര്യം നിലനിന്നിരുന്നതിനാല്‍ ബെത്ലഹേമില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ നഗരം വീണ്ടും ക്രിസ്മസ് ദീപങ്ങളാല്‍ അലംകൃതമായി. മാംഗര്‍ സ്ക്വയറില്‍ ഉയര്‍ത്തിയ കൂറ്റന്‍ ക്രിസ്മസ് ട്രീ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമായി. ചര്‍ച്ച് ഓഫ് നേറ്റിവിറ്റിക്ക് മുന്നില്‍ നടന്ന ചടങ്ങുകളില്‍ നൂറുകണക്കിന് സ്കൗട്ട് ഗ്രൂപ്പുകള്‍ സംഗീത അകമ്പടിയോടെ പങ്കെടുത്തു.

ജറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ജറുസലേമില്‍ നിന്നും ബെത്ലഹേമിലേക്കുള്ള പരമ്പരാഗത ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി. ‘രണ്ട് വര്‍ഷത്തെ ഇരുട്ടിന് ശേഷം നമുക്ക് വെളിച്ചം ആവശ്യമാണ്’ എന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. വിനോദസഞ്ചാരത്തെ ഏറെ ആശ്രയിക്കുന്ന ബെത്ലഹേമിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ആഘോഷങ്ങള്‍ തിരിച്ചെത്തിയത് വലിയ ആശ്വാസമാണ് നല്‍കുന്നത്. യുദ്ധം കാരണം നഗരത്തിലെ ടൂറിസം മേഖല പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും ഇത്തവണത്തെ ചടങ്ങുകളില്‍ പങ്കെടുത്തു. ഗാസയിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യബലിയുടെ ഭാഗമായി നടന്നു.
