വത്തിക്കാന്‍ സിറ്റി: ലോകം തിരുപ്പിറവിയുടെ ഓര്‍മകളില്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍, ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ചേര്‍ത്തുപിടിക്കണമെന്ന ശക്തമായ ആഹ്വാനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ക്രിസ്മസ് ദിവ്യബലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദരിദ്രരെയും അപരിചിതരെയും സഹായിക്കണമെന്നും അവരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള തന്റെ ആദ്യത്തെ ക്രിസ്മസ് സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മനുഷ്യന് ഇടമുള്ളിടത്ത് ദൈവത്തിനും ഇടമുണ്ടെന്നും ഒരു സാധാരണ തൊഴുത്തുപോലും വിശുദ്ധമായ ക്ഷേത്രത്തേക്കാള്‍ പവിത്രമായി മാറാന്‍ കഴിയുമെന്നും മാര്‍പാപ്പ പറഞ്ഞു. ഡോണള്‍ഡ് ട്രംപിന്റെ വിഭജനപരമായ കുടിയേറ്റ നിയന്ത്രണങ്ങളെ അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. കുട്ടികള്‍ക്കോ, ദരിദ്രര്‍ക്കോ, വിദേശികള്‍ക്കോ വേണ്ടി ലോകം ഒന്നും കരുതുന്നില്ലെന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വരികളും അദ്ദേഹം ഉദ്ധരിച്ചു.
കനത്ത മഴയെപ്പോലും അവഗണിച്ച് ആയിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുകൂടിയത്. ബസിലിക്കയ്ക്കുള്ളില്‍ നടന്ന ശുശ്രൂഷകളില്‍ മാത്രം ഏകദേശം ആറായിരത്തോളം പേര്‍ പങ്കെടുത്തു. സമാധാനവും കാരുണ്യവും മുന്‍നിര്‍ത്തിയുള്ള തന്റെ ആദ്യ ക്രിസ്മസ് സന്ദേശത്തിലൂടെ, ലോകമെമ്പാടുമുള്ള വിശ്വാസികളോട് കൂടുതല്‍ ദയയുള്ളവരാകാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.
