ന്യൂഡല്‍ഹി: ക്രിസ്മസ് ദിനത്തില്‍ ഡല്‍ഹിയിലെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ദി റിഡംപ്ഷന് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാവിലെ എട്ടരയോടെ പള്ളിയിലെത്തിയ അദ്ദേഹം ക്രിസ്മസ് പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. വിശ്വാസികള്‍ക്കൊപ്പം സമയം ചെലവഴിച്ച അദ്ദേഹം എല്ലാവര്ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.
ഡല്‍ഹിയിലെ നോര്‍ത്ത് അവന്യൂവിലുള്ള സി.എന്‍.ഐ സഭയുടെ കീഴിലുള്ള ചരിത്രപ്രസിദ്ധമായ ദേവാലയത്തിലാണ് പ്രധാനമന്ത്രി എത്തിയത്. പള്ളിയിലെ ഗായകസംഘത്തിന്റെ ക്രിസ്മസ് കരോളുകള്‍ അദ്ദേഹം ശ്രവിക്കുകയും പ്രാര്‍ത്ഥനയില്‍ പങ്കുചേരുകയും ചെയ്തു.

ബിജെപി നേതാക്കളും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ക്രൈസ്തവ സമൂഹവുമായി കൂടുതല്‍ അടുക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദര്‍ശനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയും ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. സമാധാനപരമായ ആഘോഷങ്ങള്‍ ഉറപ്പാക്കണമെന്ന് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (CBCI) നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കരുണയുടെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. യേശുക്രിസ്തുവിന്റെ അധ്യാപനങ്ങള്‍ സമൂഹത്തില്‍ ഐക്യം നിലനിര്‍ത്താന്‍ സഹായിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
