സാന്റോ ഡൊമിംഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കാനഡയിലെ കെബെക്കിൽ നിന്നുള്ള ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഗാറ്റിനോ സ്വദേശികളായ അലൈൻ നോയൽ (56), ക്രിസ്റ്റീൻ സോവെ (55) എന്നിവരാണ് മരിച്ചത്. വില്ല റിവയിലെ ഇവരുടെ താമസസ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണം സംഭവിച്ചത് ഡിസംബർ 25-ന് രാത്രിയിലാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ദമ്പതികളുടെ മകനാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. മരണകാരണം വ്യക്തമല്ലെങ്കിലും കൊലപാതകമോ ആത്മഹത്യയോ അല്ലെന്ന് കുടുംബം വിശ്വസിക്കുന്നു. പ്രാദേശിക അധികൃതർ സംഭവത്തിൽ അന്വേഷണം തുടങ്ങി.

മരിക്കുന്നതിന് തലേദിവസം ക്രിസ്റ്റീൻ സോവെയ്ക്ക് തലകറക്കം അനുഭവപ്പെട്ടിരുന്നതായും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. വിരമിച്ച ശേഷം സ്ഥിരതാമസമാക്കുന്നതിനായി ഈ ദമ്പതികൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഒരു വീട് വാങ്ങിയിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ഗ്ലോബൽ അഫയേഴ്സ് കാനഡ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാൻ 10 മുതൽ 30 ദിവസം വരെ എടുത്തേക്കാമെന്നാണ് സൂചന.
