കാരക്കാസ് : വെനസ്വേലയോട് നേരിട്ട് യുദ്ധം പ്രഖ്യാപിച്ച് അമേരിക്ക. വെനസ്വേലയിൽ വ്യോമാക്രമണം തുടരുന്നതിന് പിന്നാലെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയേയും യുഎസ് സേന ബന്ദികളാക്കിയതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. കുറഞ്ഞത് ഏഴ് സ്ഫോടനങ്ങളെങ്കിലും തലസ്ഥാന നഗരിയായ കാരക്കാസിലും സമീപപ്രദേശങ്ങളിലും നടന്നതായാണ് റിപ്പോർട്ടുകൾ. ആക്രമണം നടന്നതിന് പിന്നാലെ ജനങ്ങളോട് സംഘടിക്കാൻ ആവശ്യപ്പെട്ട മഡുറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴു സ്ഫോടനങ്ങൾ ഉണ്ടായി. സ്ഫോടനങ്ങൾക്കു യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വെനസ്വേലൻ ഭൂസമ്പത്തും എണ്ണ സമ്പത്തും ലക്ഷ്യമിട്ട് ഉപരോധങ്ങളിലൂടെ നടത്തിവന്നിരുന്ന ശീതയുദ്ധമവസാനിപ്പിച്ചാണ് നേരിട്ടുള്ള ആക്രമണങ്ങൾക്ക് അമേരിക്ക തയ്യാറായത്. നിക്കോളാസ് മഡൂറോ അധികാര സ്ഥാനത്ത് നിന്നും നീങ്ങണമെന്നും വെനസ്വേലൻ മണ്ണിൽ ആക്രമണം നടത്തുമെന്നും നിരവധി തവണ യുഎസ് ഭീഷണി മുഴക്കിയിരുന്നു. 2013 മുതൽ വെനസ്വേലൻ പ്രസിഡന്റായി തുടരുന്ന മഡൂറോയെ അധികാര സ്ഥാനത്ത് നിന്നും നീക്കാന്‍ നിരവധി ഗൂഢാലോചനകൾ ട്രംപ് നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
