Saturday, January 31, 2026

ഡാലസ് കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം

പി പി ചെറിയാൻ

ഡാലസ് : കേരള അസോസിയേഷൻ ഓഫ് ഡാലസിന്‍റെ അമ്പതാം വാർഷികാഘോഷങ്ങൾക്ക് വർണ്ണോജ്വല തുടക്കം. ‘സുവർണ്ണ ജൂബിലി’ ആഘോഷങ്ങൾ പത്മശ്രീ ഷൈനി വിത്സനും വിത്സൻ ചെറിയാനും ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ജനുവരി 10-ന് ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ക്രിസ്മസ്-പുതുവത്സര പരിപാടികളും ഒരുക്കിയിരുന്നു.

അസോസിയേഷൻ പ്രസിഡൻ്റ് പ്രദീപ് നാഗനൂലിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ, ഷിജു അബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള 2026-2027 വർഷത്തെ പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു. തുടർന്ന് ഡാലസിലെ പ്രമുഖ കലാകാരന്മാർ അണിനിരന്ന വിവിധ കലാരൂപങ്ങൾ അരങ്ങേറി. ഡാലസ് കൊയറിസ്റ്റേഴ്‌സ് അവതരിപ്പിച്ച ക്രിസ്മസ് മെഡ്ലിയും, യുണൈറ്റഡ് വോയ്‌സ് കമ്പൈൻഡ് കൊയർ അവതരിപ്പിച്ച ‘പ്രോസഷൻ ഓഫ് ലൈറ്റും’ കാണികൾക്ക് നവ്യാനുഭവമായി. ടീം ധൂൽ , നർത്തന ഡാൻസ് സ്കൂൾ, റിഥം ഓഫ് ഡാലസ് എന്നിവർ അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷൻ നൃത്തങ്ങളും, ‘ടീം നാട്യ’യുടെ സെമി-ക്ലാസിക്കൽ ഡാൻസും പരിപാടികൾക്ക് ആവേശം പകർന്നു. മ്യൂസിക്കൽ ഡ്രാമ: ‘ദ സിംഫണി ഓഫ് ലൈറ്റ്സ്’ എന്ന മ്യൂസിക്കൽ ഡ്രാമ അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായി.

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ നടന്നു. അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര നന്ദി രേഖപ്പെടുത്തി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ‘ഫെസ്റ്റിവൽ ഓഫ് കാരൾസും’ വിഭവസമൃദ്ധമായ ഡിന്നറും പങ്കെടുത്തവർക്ക് മറക്കാനാവാത്ത അനുഭവമായി. സുവർണ്ണ ജൂബിലി വർഷത്തിൽ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് വരും മാസങ്ങളിൽ ഡാലസ് കേരള അസോസിയേഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!