ന്യൂയോർക്ക്: വാട്സാപ്പിലെ സുരക്ഷയെ വിശ്വസിക്കാൻ കഴിയില്ലെന്നും വ്യാജ അവകാശവാദങ്ങളുന്നയിച്ച് മെറ്റ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്ന വെളിപ്പെടുത്തലുമായി എക്സ് മേധാവി ഇലോൺ മസ്ക്. എക്സ് പോസ്റ്റിലാണ് മെറ്റയ്ക്കെതിരെ മസ്ക് വിമർശനവുമായി രംഗത്തെത്തിയത്. വാട്സാപ്പ് സുരക്ഷിതമല്ലെന്നും സിഗ്നൽ പോലും സംശയാതീതമല്ലെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഇലോൺ മസ്ക് പറഞ്ഞു. പകരം എക്സ് ചാറ്റ് ഉപയോഗിക്കാനാണ് മസ്കിന്റെ നിർദേശം. ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിലെ സുരക്ഷയും സ്വകാര്യതയുമായും ബന്ധപ്പെട്ട് ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്ന ആരോപണവുമായി അന്താരാഷ്ട്ര ഉപഭോക്തൃ കൂട്ടായ്മ കോടതിയെ സമീപിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച സാൻ ഫ്രാൻസിസ്കോയിലെ യു.എസ്. ഡിസ്ട്രിക്ട് കോടതിയിലാണ് ഹർജി നൽകിയത്. അജ്ഞാതരായ ചില വിസിൽ ബ്ലോവർമാർ പുറത്തുകൊണ്ടുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി. ഇതൊരു ക്ലാസ് ആക്ഷൻ ഹർജിയായി പരിഗണിക്കണമെന്ന് പരാതിക്കാരുടെ അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു.

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനമുള്ള വാട്സാപ്പിലെ ചാറ്റുകളിലെ സന്ദേശങ്ങൾ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ഒഴികെ മറ്റൊരാൾക്കും കാണാനാവില്ല എന്നാണ് മെറ്റ നൽകുന്ന ഉറപ്പ്. സിഗ്നൽ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയാണ് വാട്സാപ്പും മെസഞ്ചറും പ്രവർത്തിക്കുന്നത്. എന്നാൽ ഈ സുരക്ഷാ വാദങ്ങൾ വെറും കെട്ടുകഥയാണെന്നാണ് ഹർജിയിലെ വാദം.
