ഹണ്ട്‌സ്‌വിൽ (ടെക്സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്സസിൽ നടപ്പാക്കി. മുൻ കാമുകിയെയും കാമുകനെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 55-കാരനായ ചാൾസ് വിക്ടർ തോംസണെയാണ് വിഷമിശ്രിതം കുത്തിവെച്ച് വധിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.50-ന് ഹണ്ട്‌സ്‌വില്ലിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറി യിലായിരുന്നു ശിക്ഷാ നടപടികൾ.1998 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൂസ്റ്റണിലെ സബർബൻ അപ്പാർട്ട്‌മെന്റിൽ വെച്ച് മുൻ കാമുകി ഗ്ലെൻഡ ഡെനിസ് ഹെയ്‌സ്‌ലിപ്പിനെയും (39), അവരുടെ സുഹൃത്ത് ഡാരൻ കീത്ത് കെയ്‌നെയും (30) തോംസൺ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ കെയ്ൻ സംഭവസ്ഥലത്തും ഹെയ്‌സ്‌ലിപ്പ് ഒരാഴ്ചയ്ക്ക് ശേഷം ആശുപത്രിയിലുമാണ് മരിച്ചത്. 1999-ൽ തോംസണ് വധശിക്ഷ വിധിച്ചു. 2005-ൽ തോംസൺ നടത്തിയ സാഹസികമായ ജയിൽ ചാട്ടം വലിയ വാർത്തയായിരുന്നു. വധശിക്ഷ പുനഃപരിശോധിക്കുന്ന വിചാരണയ്ക്ക് തൊട്ടുപിന്നാലെ, ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ജയിലിൽ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തുകടക്കുകയായിരുന്നു. വസ്ത്രങ്ങൾ മാറ്റി ധരിച്ചശേഷം വ്യാജ തിരിച്ചറിയൽ കാർഡ് കാണിച്ചാണ് ഒരു ഭാവഭേദവുമില്ലാതെ ഇയാൾ ജയിലിന്റെ മുൻവാതിലിലൂടെ പുറത്തിറങ്ങിയത്. മൂന്ന് ദിവസത്തിന് ശേഷം ലൂസിയാനയിൽ നിന്നാണ് ഇയാളെ പിന്നീട് പിടികൂടിയത്. കാനഡയിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. മരണത്തിന് തൊട്ടുമുമ്പ് ഇരകളുടെ കുടുംബത്തോട് തോംസൺ മാപ്പപേക്ഷിച്ചു. മാരകമായ പെന്റോ ബാർബിറ്റൽ കുത്തിവെച്ച് 22 മിനിറ്റിനുള്ളിൽ തന്നെ തോംസണിൻ്റെ മരണം സ്ഥിരീകരിച്ചു. ശിക്ഷാ നടപടികൾ കാണാനെത്തിയ ഡാരൻ കെയ്‌ന്റെ പിതാവ്, അവൻ നരകത്തിലാണ് എന്നാണ് പ്രതികരിച്ചത്.

ഹെയ്‌സ്‌ലിപ്പിന്റെ മരണം വെടിയേറ്റത് കൊണ്ടല്ല, മറിച്ച് ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണെന്ന് തോംസന്റെ അഭിഭാഷകർ വാദിച്ചിരുന്നു. എന്നാൽ യുഎസ് സുപ്രീം കോടതി ഈ വാദങ്ങൾ തള്ളുകയും വധശിക്ഷയുമായി മുന്നോട്ട് പോകാൻ അനുമതി നൽകുകയുമായിരുന്നു. യു.എസിൽ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പിലാക്കിയ സംസ്ഥാനമാണ് ടെക്സസ്. 2025 ൽ ഏറ്റവും കൂടുതൽ വധശിക്ഷകൾ ഫ്ലോറിഡയിലായിരുന്നു നടന്നത്, 19 എണ്ണം. യുഎസിലെ അടുത്ത വധശിക്ഷ ഫെബ്രുവരി 10 ന് നടക്കും. 1989 ൽ ഗെയ്‌ൻസ്‌വില്ലെയിൽ കവർച്ചയ്ക്കിടെ ഒരു ട്രാവലിംഗ് സെയിൽസ്മാനെ കൊലപ്പെടു ത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റൊണാൾഡ് പാമർ ഹെൽത്തിനെയാണ് മാരകമായ കുത്തിവയ്പ്പ് നൽകി വധിക്കുന്നത്.
